മൈസൂരു ദസറ ആഘോഷം ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു
Tuesday, September 23, 2025 2:03 AM IST
മൈസൂരു: ഒക്ടോബർ രണ്ടുവരെ നീളുന്ന, കർണാടകയുടെ സാംസ്കാരിക മഹിമ പ്രദർശിപ്പിക്കുന്ന ദസറാ ആഘോഷങ്ങൾക്കു തുടക്കമായി. ചാമുണ്ഡി മലയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ആണ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത്.
രഥത്തിൽ സജ്ജീകരിച്ച ദേവിയുടെ ബിംബത്തിനുമുന്നിലെ നിലവിളക്കുകൊളുത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം ബാനു ആഘോഷം ഉദ്ഘാടനം ചെയ്തത്. പിന്നീട് ബിംബത്തിലേക്ക് പൂക്കൾ വർഷിക്കുകയും ചെയ്തു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന, രാജകീയ പ്രൗഢി വിളിച്ചോതുന്ന 11 ദിവസം നീളുന്ന ദസറ ആഘോഷം കർണാടക സർക്കാർ സംസ്ഥാന ഉത്സവമായാണ് കൊണ്ടാടുന്നത്.
ചാമുണ്ഡേശ്വരീക്ഷേത്രത്തിൽ തിരി കൊളുത്തിയാണ് ആഘോഷങ്ങൾക്കു തുടക്കംകുറിക്കുന്നത്. ആന സവാരി, എയർ ഷോ, എക്സിബിഷൻ, ടോർച്ച് ലൈറ്റ് പരേഡ് തുടങ്ങി ഒട്ടനവധി പരിപാടികൾ ഇക്കാലയളവിൽ മൈസൂരു സിറ്റിയിൽ നടക്കും.
അതേസമയം, ദസറ ആഘോഷം ബാനു മുഷ്താഖിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനെതിരേ ബിജെപിയും ചില മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരേ നല്കിയ ഹർജികൾ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞിരുന്നു.
കന്നഡ ഭാഷയെ ഭുവനേശ്വരീദേവിയായി കരുതുന്നതിനെതിരേ ബാനു മുഷ്താഖ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നും പൂർണരൂപം കേൾക്കണമെന്നും ബാനു പറഞ്ഞിരുന്നു.