ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജി തള്ളി സുപ്രീംകോടതി
Tuesday, September 23, 2025 2:03 AM IST
ന്യൂഡൽഹി: തനിക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
നടിയുടെ വാദം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
ഇഡി അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേയാണു നടി സുപ്രീംകോടതിയെ സമീപിച്ചത്. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനു ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
തട്ടിപ്പുകാരനും മുഖ്യപ്രതിയുമായ സുകേഷ് ചന്ദ്രശേഖർ എന്ന വ്യക്തിയിൽനിന്ന് ഏഴു കോടിയോളം വിലമതിക്കുന്ന സമ്മാനങ്ങൾ വാങ്ങിയതിനെത്തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ പ്രതിചേർക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ചന്ദ്രശേഖറുമായുള്ള ബന്ധം ആദ്യം നിഷേധിക്കുകയും പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ നടി സമ്മതിക്കുകയും ചെയ്തതായി ഇഡി കോടതിയിൽ വ്യക്തമാക്കി.