വ്യാപാരചർച്ചകൾക്കായി വാണിജ്യമന്ത്രി അമേരിക്കയിലേക്ക്
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: അമേരിക്ക ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യാപാര ചർച്ചകൾക്കായി അമേരിക്കയിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ട്.
അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറിൽ കഴിഞ്ഞദിവസം ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിനിധികൾ ന്യൂഡൽഹിയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് പിയൂഷ് ഗോയൽ അമേരിക്ക സന്ദർശിക്കുന്നത്.
‘പോസിറ്റീവ്’എന്നു കേന്ദ്രം വിശേഷിപ്പിച്ച ചർച്ചകൾക്കുശേഷം ഇരുകക്ഷികൾക്കും പ്രയോജനകരമായ വ്യാപാരക്കരാറിൽ ഉടൻ അന്തിമധാരണയിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചെന്നു വാണിജ്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റവുമടുത്തുതന്നെ അമേരിക്ക സന്ദർശിക്കാൻ പിയൂഷ് ഗോയൽ തീരുമാനിച്ചത്.
അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയിരിക്കുന്ന ഇരട്ടിത്തീരുവ പ്രാബല്യത്തിൽ വന്നിരിക്കെ വാണിജ്യമന്ത്രി നടത്തുന്ന സന്ദർശനത്തിനു വളരെ പ്രാധാന്യമുണ്ട്.
കരാറിൽ ധാരണയിലെത്തുന്നതിലൂടെ തീരുവപ്രശ്നം രണ്ടുമാസത്തിനകം പരിഹരിക്കപ്പെടാൻ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
കരാറിന്റെ ആദ്യഘട്ടത്തിൽ ഒക്ടോബർ-നവംബർ മാസത്തോടെ ധാരണയിലെത്താനാണ് ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നത്. നവംബർ 30നുശേഷം അമേരിക്ക ഇന്ത്യക്കുമേൽ പിഴയായി ചുമത്തിയ തീരുവ പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
അതിനിടെ അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലെത്തുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്.