രാഹുൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: ബിജെപി
Saturday, September 20, 2025 1:19 AM IST
ന്യൂഡൽഹി: വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതിരോധം തീർത്ത് കൂടുതൽ ബിജെപി നേതാക്കൾ രംഗത്ത്.
ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനു പകരം തെരഞ്ഞെടുപ്പിലെ ആവർത്തിച്ചുള്ള പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ തയാറാകണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
രാഹുൽ തുടർച്ചായായി നേരിടുന്ന പരാജയത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പലപ്പോഴും രാജ്യവിരുദ്ധ പ്രചാരണത്തെ പ്രതിഫലിപ്പിക്കുന്നു.
പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ പ്രചരിപ്പിക്കുന്ന അതേ കഥകൾ തന്നെയാണ് രാഹുലും കൂട്ടരും പ്രചരിപ്പിക്കുന്നത്. രാഹുൽ പറയുന്ന പല കാര്യങ്ങളും പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിജിജു പറഞ്ഞു.
രാഹുൽ ഒരു മാവോയിസ്റ്റിനെപ്പോലെയാണു സംസാരിക്കുന്നതെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.