ചബഹാർ തുറമുഖം: ഉപരോധ ഇളവുകള്‍ പിന്‍വലിച്ച് യുഎസ്
Saturday, September 20, 2025 1:19 AM IST
ന്യൂഡല്‍ഹി: ഇറാനില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ പിന്‍വലിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രപ്.
2018 ല്‍ ട്രംപ് ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന ഇളവുകളാണ് പിന്‍വലിക്കുന്നത്. ഈ മാസം 29 മുതലാണ് യുഎസ് തീരുമാനം ബാധകമാകുക.
ഇറാനെ ലക്ഷ്യമിട്ടാണ് യുഎസ് നീക്കമെങ്കിലും ഇന്ത്യന്‍ വാണിജ്യത്തിനും കനത്ത തിരിച്ചടിയാണു തീരുമാനം. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്, ഇറാന് എന്നിവയ്ക്കു പുറമേ മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരത്തിന് ഇന്ത്യയെ സഹായിച്ചിരുന്നത് ചബഹാര്‍ തുറമുഖമായിരുന്നു.
2014ലാണു തുറമുഖത്തിന്റെ നിയന്ത്രണത്തിന് ഇന്ത്യയും ഇറാനും കരാറിലൊപ്പിട്ടത്. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിനും ചൈനയുടെ നിയന്ത്രണത്തിലുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കും വെല്ലുവിളി എന്ന നിലയിലായിരുന്നു പദ്ധതി.
യുഎസുമായുള്ള വ്യാപാരചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.