സൗദി-പാക് പ്രതിരോധ കരാർ; പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ
Friday, September 19, 2025 1:45 AM IST
സീനോ സാജു
ന്യൂഡൽഹി: സൗദി-പാക് പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുമെന്നും ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ഗൾഫിലെ സുപ്രധാന രാഷ്ട്രവുമായി പാക്കിസ്ഥാൻ കരാറിലെത്തി മണിക്കൂറുകൾക്കുശേഷം മാത്രമാണ്, സ്ഥിതിഗതികളെപ്പറ്റി ബോധവാന്മാരാണെന്നും സമഗ്ര ദേശീയസുരക്ഷയോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നുവെന്നും കേന്ദ്രസർക്കാർ പ്രതികരിച്ചത്.
ഒരു രാജ്യത്തിനെതിരേയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും റിയാദിൽ ഒപ്പിട്ട കരാറിൽ വ്യക്തമാക്കുന്നു.
ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കുന്ന കരാറെങ്കിലും പാക്കിസ്ഥാനുമായി വർഷങ്ങളായുള്ള സഹകരണത്തിന്റെ ബാക്കിപത്രമാണു കരാറെന്നും ഏതെങ്കിലും പ്രത്യേക രാജ്യത്തോടോ പ്രത്യേക സംഭവത്തോടോ ഉള്ള പ്രതികരണമല്ലെന്നുമാണ് സൗദി അറേബ്യൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചത്. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തിട്ടുണ്ട്.
അതേസമയം, കരാർ വഴി സൗദിയുടെയും പാക്കിസ്ഥാന്റെയും ദേശീയസുരക്ഷ അന്യോന്യം ഇരുരാജ്യങ്ങളും ഉറപ്പാക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയായ സൗദിയുമായുള്ള രാജ്യത്തിന്റെ നയതന്ത്രബന്ധത്തിന് കരാറിലൂടെ കോട്ടം തട്ടിയിട്ടില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.