ബിഹാറിൽ 1,050 ഏക്കർ ഭൂമി അദാനിക്കു ദാനം ചെയ്തതായി കോൺഗ്രസ്
Wednesday, September 17, 2025 1:37 AM IST
ന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ 1,050 ഏക്കർ ഭൂമി ഗൗതം അദാനിക്കു സർക്കാർ ദാനം ചെയ്തുവെന്ന് കോണ്ഗ്രസ്.
ഭൂമിദാനത്തിനു പുറമെ അദാനി ഗ്രൂപ്പിന് അനുകൂലമായി വൈദ്യുതനിലയം പദ്ധതിയിൽനിന്നു സർക്കാർ പിന്മാറിയതായും മുതിർന്ന കോണ്ഗ്രസ് നേതാവ് പവൻ ഖേര പത്രസമ്മേളനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിനിടെ പ്രതിഷേധങ്ങൾ തടയാനായി ഗ്രാമീണരെ വീട്ടുതടങ്കലിലാക്കിയെന്നും കോണ്ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം പ്രതീക്ഷിച്ചതുകൊണ്ടാണ് അദാനിക്കുവേണ്ടി വഴിവിട്ടു സഹായം ചെയ്തത്. ഭഗൽപുരിലെ പിർപൈന്തിയിലാണു വൈദ്യുതനിലയം സ്ഥാപിക്കുന്നതിനായി പ്രതിവർഷം ഒരു രൂപ നിരക്കിൽ 33 വർഷത്തേക്ക് വ്യവസായി ഗൗതം അദാനിക്ക് 1,050 ഏക്കർ ഭൂമി അനുവദിച്ചതെന്ന് കോണ്ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വകുപ്പ് മേധാവിയും ബിഹാറിൽനിന്നുള്ള നേതാവുമായ ഖേര വിശദീകരിച്ചു.
അദാനിക്ക് അനുകൂലമായി 21,400 കോടി രൂപയുടെ ബജറ്റുള്ള 2,400 മെഗാവാട്ട് പദ്ധതിയിൽനിന്നു സർക്കാർ പിന്മാറി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വൈദ്യുതിപ്ലാന്റ് സർക്കാർ സ്ഥാപിക്കുമെന്നാണ് അന്നു പറഞ്ഞത്. പിന്നീടാണ് സർക്കാർ പിന്മാറുകയും ഈ പദ്ധതി ഗൗതം അദാനിക്കു കൈമാറുകയും ചെയ്തത്.
ബിഹാറിന്റെ ഭൂമിയിൽ സംസ്ഥാനത്തിന്റെ പണവും കൽക്കരിയും ഉപയോഗിച്ചു നിർമിച്ച പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് ആറു രൂപയ്ക്കാണു വിൽക്കുകയെന്ന് ഖേര പറഞ്ഞു. ഇരട്ടക്കൊള്ളയാണിത്.
മുന്പ് കർഷകരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി പിടിച്ചെടുത്തശേഷം നിർമിച്ച വൈദ്യുതി നിലയത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് 6.75 രൂപയെന്ന നിരക്കിൽ വിൽക്കുകയാണു ചെയ്യുക. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും മൂന്നുമുതൽ നാലു രൂപവരെ നിരക്കിലാണു വൈദ്യുതി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഊർജ പ്ലാന്റ് പദ്ധതിയും ധാരാവിയും ഗൗതം അദാനിക്കു നൽകി. ഇതേപോലെ ജാർഖണ്ഡിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പിനുമുന്പ് ഗൗതം അദാനിക്കു പദ്ധതികൾ നൽകി. വളരെ നീണ്ട പട്ടികയാണിത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബിജെപിക്കു തോന്നുന്പോഴെല്ലാം അദാനിക്കു സമ്മാനങ്ങൾ നൽകുന്നുണ്ടെന്ന് ഖേര ആരോപിച്ചു.