യുപിയിൽ കന്നുകാലിമോഷ്ടാക്കളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
Wednesday, September 17, 2025 1:37 AM IST
ഗോരഖ്പുര്‍ (യുപി): ഉത്തര്‍പ്രദേശില്‍ കന്നുകാലി മോഷ്ടാക്കളുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രദേശത്തെ ഫര്‍ണിച്ചര്‍ കടയുടെ ഉടമ ദുര്‍ഗേഷിന്റെ മകന് ദീപക് (20) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ട് പിക്കപ്പ് വാനുകളിലായി എത്തിയ മോഷ്ടാക്കള്‍ ഫര്‍ണിച്ചർ കട തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാള്‍ ദീപക്കിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ദീപക്കിന്റെയും നാട്ടുകാരുടെയും നേര്‍ക്ക് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ സംഘം ദീപക്കിനെ വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയി. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ നാട്ടുകാരില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി.