ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ച ‘പോസിറ്റീവ് ’
Wednesday, September 17, 2025 1:37 AM IST
സനു സിറിയക്
ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന തരത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനം. വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംവട്ട ചർച്ചയ്ക്കു മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേഷ്യക്കായുള്ള അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും വാണിജ്യമന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളും നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും വ്യാപാരക്കരാറിന്റെ മുന്നോട്ടുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു.
തീരുവനയത്തെത്തുടർന്നു സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരക്കരാർ മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇരുരാജ്യങ്ങളും നൽകുന്നത്. ഇന്നലെ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഉഭയകക്ഷി വ്യാപാരചർച്ചയുടെ അടുത്ത ഘട്ടം. രാവിലെ പത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ ആരംഭിച്ച ചർച്ച വൈകുന്നേരം ആറോടെയാണ് അവസാനിച്ചത്.
ഇന്ത്യയിലെ വ്യാപാര പ്രതിനിധികളുമായി ഒരു ദിവസം നീണ്ട ചർച്ചയ്ക്കായി തിങ്കളാഴ്ച രാത്രിയിലാണ് ബ്രെൻഡൻ ലിഞ്ച് ഡൽഹിയിലെത്തിയത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ പിഴയുൾപ്പെടെ 50 ശതമാനം തീരുവ ഇന്ത്യക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയതിനുശേഷം ഇതാദ്യമായാണു വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു വട്ട ചർച്ചകളാണു നടന്നത്. ഓഗസ്റ്റ് 25 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന ആറാംവട്ട ചർച്ച ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ തുടരുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെയാണു ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരകരാർ ചർച്ചകൾ പുനരാരംഭിച്ചത്. ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ച പ്രധാനമന്ത്രി ഇന്ത്യയും അമേരിക്കയും ഏറെ അടുത്ത സുഹൃത്തുക്കളും സ്വഭാവിക പങ്കാളികളുമാണെന്ന് പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയുടെ അധിക തീരുവ നയത്തെത്തുടർന്ന് ജൂലൈയിൽ 8.01 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയിൽനിന്ന് ഓഗസ്റ്റ് ആയപ്പോൾ 6.86 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞമാസം 27 മുതലാണ് അമേരിക്ക ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്.