ചുരാചന്ദ്പുരിൽ ജനക്കൂട്ടം സേനയുമായി ഏറ്റുമുട്ടി
Monday, September 15, 2025 5:41 AM IST
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉയർത്തിയിരുന്ന ബാനറുകളും കട്ട്ഔട്ടുകളും നശിപ്പിച്ചതിന് രണ്ടുപേരെ അറസ്റ്റ്ചെയ്തതിനെതിരേയാണു ജനക്കൂട്ടം പ്രതിഷേധിച്ചത്.
ചുരാചന്ദ്പുരിലെ പിയേഴ്സൺമൻ, ഫൈലിയൻ ബസാർ എന്നിവിടങ്ങളിലെ ബാനറുകളും കട്ടൗട്ടുകളും കഴിഞ്ഞ വ്യാഴാഴ്ചയാണു നശിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളെ പോലീസ് ചോദ്യംചെയ്തു. ഇതിനുശേഷം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായവരെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുർ പോലീസ് സ്റ്റേഷനുമുന്നിൽ ജനക്കൂട്ടം സംഘടിപ്പിച്ച പ്രതിഷേധം പൊടുന്നനെ അക്രമാസക്തമായി. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു സുരക്ഷാസേന അറിയിച്ചു.
2023 മേയിൽ വംശീയകലാപം തുടങ്ങിയശേഷം ആദ്യമായി കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തിയത്. ചുരാചന്ദ്പുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മണിപ്പുരിൽ സമാധാനം തിരിച്ചെത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.