വണ്ടർ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
Monday, September 15, 2025 1:59 AM IST
ദുബായ്: സ്ഥിരവൈരികളായ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഏഷ്യാ കപ്പ് പുരുഷ ട്വന്റി20 ക്രിക്കറ്റ് രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ ആദ്യ ഓവറിൽ ഹാർദിക് പാണ്ഡ്യ തുടങ്ങിയ ബൗളിംഗ് ആക്രമണത്തിൽനിന്ന് മുക്തരാകാൻ സമ്മിതിച്ചില്ല.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വരുണ്‍ ചക്രവർത്തി ഒരു വിക്കറ്റും വീതം വീഴ്ത്തിയപ്പോൾ 129 റണ്‍സിൽ പാക്കിസ്ഥാൻ ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗ് തകർപ്പനടികളുമായി ഇന്ത്യ തുടങ്ങി. 25 പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് നഷ്ടത്തിൽ അനായാസം ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 129/8. ഇന്ത്യ: 15.5 ഓവറിൽ 131/3.
ദുർബലർ:
ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ആദ്യ ഓവറിൽ തന്നെ ദുരന്തം മണത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സയിം അയൂബ് പൂജ്യത്തിന് പുറത്ത്. മൂന്നാം നന്പരിലിറങ്ങിയ മുഹമ്മദ് ഹാരിസിനെ (3) ബുംറ ഹാർദിക്കിന്റെ കൈകളിൽ എത്തിച്ചതോടെ പാക് സംഘം സമ്മർദത്തിലായി. സഹിബ്സാദ് ഫർഹാൻ (40) ഒരറ്റത്തു പൊരുതാൻ ശ്രമിച്ചെങ്കിലും ഫക്കർ സമാൻ (17), ക്യാപ്റ്റൻ സൽമാൻ അഹാ (3), മുഹമ്മദ് നവാസ് (0), ഫഹീം അഷ്റഫ് (11), സൂഫിയാൻ മുക്വീൻ (10) എന്നിവർ നിലയുറപ്പിക്കാൻ കഴിയാതെ കൂടാരം കയറിയതോടെ പരുങ്ങി. ഷഹീൻ ഷാ അഫ്രീദി 16 പന്തിൽ 33 റണ്‍സുമായി ബാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 129ൽ എത്തിച്ചത്.
തകർത്തടിച്ചു:
പാക് ബാറ്റർമാരെ എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ പാക് ബൗളർമാരെ അടിച്ചൊതുക്കി. അഭിഷേക് ശർമ (13 പന്തിൽ 33 റണ്‍സ്) വെടിക്കെട്ടിന് തുടക്കമിട്ടു. 1.6 ഓവറിൽ സ്കോർ 22ൽ നിൽക്കേ ശുഭ്മാൻ ഗിൽ (10) പുറത്തായി.

സ്കോർ 41ൽ അഭിഷേക് ശർമ രണ്ടാം വിക്കറ്റായി മടങ്ങി. പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് (47*), തിലക് വർമ (31) സഖ്യം സ്കോർ 97ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. തിലക് വർമയെ സയിം അയൂബ് വീഴ്ത്തി. ശിവം ദുബെ (10*) സൂര്യകുമാറിനൊപ്പം ചേർന്ന് വിജയ റണ്‍സ് കുറിച്ചു.
ഒഴിഞ്ഞ സീറ്റ്
ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയതും ആരാധകരുള്ളതുമായ ഇന്ത്യ- പാക് പോരാട്ടത്തിന് പക്ഷെ ഇത്തവണ സീറ്റുകൾ ഒഴിഞ്ഞു കിടന്നു. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. പഹൽഗാമിലുണ്ടായ തീവ്രവാദ ആക്രമണവും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തുടർന്നുള്ള ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ സമീപനവുമാണ് ആരാധകർ മത്സരം ബഹിഷ്കരിക്കാൻ ഇടയാക്കിയത്.
പരന്പര തുടങ്ങുന്നതിന് മുന്‍പുള്ള എട്ട് ടീമുകളുടെയും ക്യാപ്റ്റൻമാർ പങ്കെടുത്ത പത്രസമ്മേളനം മുതൽ ഇതിന്റെ പ്രതിഫലനമുണ്ടായി. പത്രസമ്മേളനം അവസാനിച്ചതോടെ പാക് ക്യാപ്റ്റൻ സൽമാൻ അഹാ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകാതെ മടങ്ങിയത് വലിയ ചർച്ചയായിരുന്നു.
കാണികൾക്ക് കടിഞ്ഞാണ്‍
ദുബായ്: ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ കാണികളുടെ ആവേശം അതിരുവിടാതിരിക്കാൻ കടുത്ത നടപടികളാണ് ദുബായ് പൊലീസ് സ്വീകരിച്ചത്. ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാൽ 5000 മുതൽ 30,000 ദിർഹം വരെ (1.2 ലക്ഷം രൂപ മുതൽ 7.2 ലക്ഷം രൂപ വരെ) പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. തടവു ശിക്ഷ കഴിഞ്ഞാൽ നാടുകടത്തും.
പിന്നീട് ജോലി ആവശ്യങ്ങൾക്കായി തിരികെ വരാൻ കഴിയാത്ത വിധത്തിൽ വിലക്കുമുണ്ടാകും. സ്റ്റേഡിയത്തിനുള്ളിൽ ലേസറുകൾ, ക്യാമറ ഹോൾഡറുകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, ക്യാമറകൾ, വിഷപദാർഥങ്ങൾ, ബാനറുകൾ, പതാകകൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, സൈക്കിളുകൾ, സ്കേറ്റ് ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് നിർമിത വസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.