ദുലീപ് ട്രോഫി: മധ്യമേഖല കൂറ്റൻ ലീഡിലേക്ക്
Saturday, September 13, 2025 1:16 AM IST
ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണമേഖലയ്ക്കെതിരേ മധ്യമേഖല കൂറ്റൻ ലീഡിലേക്ക്.
ദക്ഷിണമേഖലയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 149 റണ്‍സിനു മറുപടിയായി മധ്യമേഖല രണ്ടാംദിനം കളി നിർത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെയും യാഷ് റാത്തോഡിന്റെയും സെഞ്ചുറികളുടെ മികവിലാണ് മധ്യമേഖല കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നത്.
115 പന്തിൽ 101 റണ്‍സെടുത്ത് രജത് പാട്ടീദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റണ്‍സുമായി യാഷ് റാത്തോഡ് ക്രീസിലുണ്ട്. 47 റണ്‍സുമായി സാരാൻഷ് ജെയിനാണ് റാത്തോഡിനൊപ്പം.
അഞ്ച് വിക്കറ്റ് കൈയിലിരിക്കെ മധ്യമേഖലയ്ക്കിപ്പോൾ 235 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ദക്ഷിണമേഖലയ്ക്കായി ഗുർജപ്നീത് സിംഗ് മൂന്ന് വിക്കറ്റെടുത്തു. സ്കോർ: ദക്ഷിണ മേഖല: 149. മധ്യമേഖല: 104 ഓവറിൽ 384/5.
93-3ലേക്ക് വീണെങ്കിലും നാലാം വിക്കറ്റിൽ യാഷ് റാത്തോഡ്- രജത് പാട്ടീദാർ സഖ്യം 153 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തി മധ്യമേഖലയ്ക്ക് മുൻതൂക്കം നേടിക്കൊടുത്തു.
നേരത്തേ ക്വാർട്ടറിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ രജത് പാട്ടീദാർ സെമിയിലും അർധസെഞ്ചുറി നേടിയിരുന്നു. നാല് ഇന്നിംഗ്സിൽ നിന്ന് 122.6 ശരാശരിയിൽ 368 റണ്‍സാണ് രജത് പാട്ടീദാർ അടിച്ചെടുത്തത്.
ദക്ഷിണമേഖല ഒന്നാം ഇന്നിംഗ്സിൽ 149 റണ്‍സിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത സാരാൻഷ് ജയിനും നാലു വിക്കറ്റെടുത്ത കുമാർ കാർത്തികേയയും ചേർന്നാണ് ദക്ഷിണമേഖലയെ എറിഞ്ഞിട്ടത്.