ബ്ലാസ്റ്റേഴ്സ് യുവതാരം റിഷാദ് ഗഫൂർ മലപ്പുറം എഫ്സിയിൽ
Saturday, September 13, 2025 1:16 AM IST
മലപ്പുറം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പതിനെട്ടുകാരൻ റിഷാദ്.
കഴിഞ്ഞ വർഷം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേർസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. കണ്ണൂരിനുവേണ്ടി എട്ടു മത്സരത്തിൽനിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും നേടി.
തിരൂരിലെ മൗലാന കൂട്ടായി ഫുട്ബോൾ അക്കാദമിയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് മുത്തൂറ്റ് എഫ്എയ്ക്കൊപ്പം. മുത്തൂറ്റിന് വേണ്ടി 2023-24 സീസണ് ഡെവലപ്മെന്റ് ലീഗിൽ ആറു മത്സരത്തിൽനിന്ന് അഞ്ച് ഗോളുകൾ നേടി മിന്നുംപ്രകടനം കാഴ്ചവച്ചു.