ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന, ബ്രസീല്‍ തോറ്റു
Thursday, September 11, 2025 2:19 AM IST
ക്വിറ്റോ/ലാ പാസ്: അടിതെറ്റിയാല്‍ ആനയും വീഴുമെന്നത് അടിവരയിട്ട്, ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയും അഞ്ചാം റാങ്കുകാരായ ബ്രസീലും തോറ്റു.
ലാറ്റിനമേരിക്കന്‍ യോഗ്യതയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന എവേ പോരാട്ടത്തില്‍ ഇക്വഡോറിനോട് 1-0നു പരാജയപ്പെട്ടു. എന്നര് വലെന്‍സിയ (45+13’) ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ഇക്വഡോറിന്റെ ജയം.
ബൊളീവിയയ്ക്കെതിരായ 1-0ന് ആയിരുന്നു ബ്രസീലിന്റെ തോല്‍വി. മിഗ്വേല്‍ ടെന്സെറോസിന്റെ പെനാല്‍റ്റി ഗോളാണ് ആതിഥേയര്‍ക്കു ജയമൊരുക്കിയത്. ജയത്തോടെ പ്ലേ ഓഫ് ടിക്കറ്റ് ബൊളീവി നേടി. വെനസ്വേലയ്ക്കെതിരേ ലൂയിസ് സുവാരസിന്റെ നാലു ഗോള്‍ ബലത്തില്‍ കൊളംബിയ 6-3ന്റെ ജയം സ്വന്തമാക്കി.
16 വര്‍ഷത്തിനുശേഷം പരാഗ്വെ
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീന (38 പോയിന്റ്), ഇക്വഡോര്‍ (29), കൊളംബിയ (28), ഉറുഗ്വെ (28), ബ്രസീല്‍ (28), പരാഗ്വെ (28) ടീമുകള്‍ യഥാക്രമം ആദ്യ ആറ് സ്ഥാനങ്ങള്‍ സ്വന്തമാക്കി 2026 ഫിഫ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.
നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പരാഗ്വെ ഫിഫ ലോകകപ്പ് യോഗ്യത നേടുന്നതെന്നതാണ് ശ്രദ്ധേയം.