സിന്നര്‍ x അല്‍കരാസ് ഹാട്രിക് ഫൈനല്‍
Sunday, September 7, 2025 2:07 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2025 സീസണില്‍ ഒന്നും രണ്ടും താരങ്ങളായ സിന്നറും അല്‍കരാസും തമ്മില്‍ നടക്കുന്ന മൂന്നാമത് ഗ്രാന്സ്ലാം ഫൈനലാണ്. 2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സിന്നറിനെ കീഴടക്കി അല്‍കരാസും വിംബിള്‍ഡണില്‍ അല്‍കരാസിനെ മറികടന്ന് സിന്നറും ചാമ്പ്യന്മാരായിരുന്നു.
യുഎസ് ഓപ്പണ്‍ കിരീടത്തിനൊപ്പം ലോക ഒന്നാം നമ്പറിനായുള്ള പോരാട്ടംകൂടിയാണ് ഇന്നു നടക്കുന്ന സിന്നര്‍ x അല്‍കരാസ്. ഓപ്പണ്‍ കാലഘട്ടത്തില്‍ എടിപി ഒന്നും രണ്ടും റാങ്കുകാര്‍ ഒരു സീസണില്‍ മൂന്ന് ഗ്രാന്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
ജോക്കോയെ വീഴ്ത്തി
സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് കാര്‍ലോസ് അല്‍കരാസ് ഫൈനലില്‍ എത്തിയത്. 6-4, 7-6 (7-4), 6-2നായിരുന്നു അല്‍കരാസിന്റെ ജയം. കാനഡയുടെ ഫെലിക്സ് അഗറിനെയാണ് സിന്നര്‍ സെമിയില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 3-6, 6-3, 6-4.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാന്നിധ്യമായിരുന്ന യൂക്കി ഭാംബ്രി സെമിയില്‍ പരാജയപ്പെട്ടു.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ അരീന സബലെങ്കയും എട്ടാം സീഡായ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയും തമ്മിലാണ് ഫൈനല്‍ പോരാട്ടം.