കൊച്ചി ടൈഗേഴ്സ് ഫസ്റ്റ്
Wednesday, September 3, 2025 11:08 PM IST
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണ് ലീഗ് മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ കൊച്ചി ആറ് വിക്കറ്റിന് ഏരീസ് കൊല്ലം സെയ് ലേഴ്സിനെ കീഴടക്കി.
സ്കോര്‍: കൊല്ലം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130. കൊച്ചി 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131. കൊച്ചിക്കായി 39 പന്തില്‍ അഞ്ച് സിക്സും മൂന്നു ഫോറും അടക്കം 58 റണ്‍സ് നേടിയ കെ. അജീഷാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ഏറും അടിയും
ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏരീസ് കൊല്ലം സെയ് ലേഴ്സിനെ കൃത്യമായി വരുഞ്ഞുമുറിക്കിയുള്ള ബൗളിംഗാണ് കൊച്ചി കാഴ്ചവച്ചത്. 28 റണ്‍സ് എടുക്കുന്നതിനിടെ കൊല്ലത്തിനു മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് വത്സല്‍ ഗോവിന്ദ് (34 പന്തില്‍ 37), എം. സജീവന് അഖില്‍ (36 പന്തില്‍ 32), ഷറഫുദ്ദീന് (20 പന്തില്‍ 36 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് കൊല്ലത്തെ 130 റണ്‍സില്‍ എത്തിച്ചത്. കൊച്ചിക്കുവേണ്ടി പി.എസ്. ജെറിന് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി ആദ്യ വിക്കറ്റില്‍ 42 റണ്‍സ് നേടി. വിനൂപ് മനോഹരന് (22 പന്തില്‍ 36), കെ. അജീഷ് (39 പന്തില്‍ 58) എന്നിവരാണ് കൊച്ചിയുടെ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചത്.
കൊല്ലത്തിനു നിര്‍ണായകം
സെമിയിലേക്കുള്ള വഴിയില്‍ കൊല്ലത്തിന് ഇന്നു നടക്കുന്ന അവസാന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ കീഴടക്കണം. കൊച്ചി, കാലിക്കട്ട്, തൃശൂര്‍ ടീമുകള്‍ ഇതിനോടകം സെമി ഉറപ്പാക്കി. കൊല്ലത്തെ വന്‍ വ്യത്യാസത്തില്‍ കീഴടക്കിയാല്‍ ആലപ്പിക്ക് സെമിയിലെത്താനുള്ള അവസരമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് കൊല്ലം x ആലപ്പി പോരാട്ടം.