ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നോട്ടിംഗ്ഹാമിന് ഞെട്ടല്‍
Monday, September 1, 2025 1:17 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് 3-0 സ്കോറിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ അട്ടിമറിച്ചു. അവസാന നിമിഷം വരെ ഗോൾ രഹിത സമനിലയെന്ന് ഉറപ്പിച്ച മത്സരത്തിൽ അവസാന ആറ് മിനിറ്റിനുള്ളിലാണ് വെസ്റ്റ് ഹാമിന്റെ മൂന്നു ഗോളുകളും പിറന്നത്. 84-ാം മിനിറ്റിൽ ജറോഡ് വോബൻ, 88-ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് ലുക്കാസ് പഗ്വേറ്റ, 90+1 മിനിറ്റിൽ കല്ലും വിൽസണ്‍ എന്നിവരാണ് വെസ്റ്റ് ഹാമിനായി സ്കോർ ചെയ്തത്.
സിറ്റിക്കും തിരിച്ചടി
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും തിരിച്ചടി. ഒരു ഗോളിന് പിന്നിൽനിന്നും തിരിച്ചടിച്ച് 2-1ന് ജയം നേടി ബ്രിഗ്ഹട്ടണ് ഹോവ് ആൽബിയൻ. മത്സരത്തിന്റെ 34-ാം മിനിറ്റിൽ സിറ്റി സ്കോർ ബോർഡ് തുറന്നു. എർലിംഗ് ഹാളണ്ടാണ് ആദ്യ ഗോൾ നേടി ലീഡ് സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ മത്സരഗതി മാറി. 67-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജയിംസ് മിൽനർ ബ്രിഗ്ഹട്ടണിനായി ഗോളാക്കി മാറ്റിയതോടെ സ്കോർ തുല്ല്യം. 89-ാം മിനിറ്റിൽ ബ്രജൻ ഗ്രൂഡ സിറ്റിയുടെ നെഞ്ച് പിളർന്ന് ബ്രിഗ്ഹട്ടണിന്റെ വിജയഗോൾ നേടി.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം. യുണൈറ്റഡ് ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളിന് ബേണ്‍ലിയെ തോൽപ്പിച്ചു.