മെസിയുടെ തോളിലേറി ഇന്റർ മയാമി
Friday, August 29, 2025 1:40 AM IST
ന്യൂയോര്‍ക്ക്: ലീഗ്സ് കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ ബലത്തില്‍ 3-1ന്റെ ജയം സ്വന്തമാക്കി ഇന്റര്‍ മയാമി. ഒര്‍ലാന്‍ഡോ സിറ്റിയെ കീഴടക്കിയാണ് ഇന്റര്‍ മയാമി ഫൈനലില്‍ പ്രവേശിച്ചത്.
77 (പെനാല്‍റ്റി), 88 മിനിറ്റുകളിലായിരുന്നു മെസിയുടെ എണ്ണംപറഞ്ഞ ഗോളുകള്‍. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ക്കൊ പസാലിച്ചിലൂടെയാണ് (45+1’) ലീഡ് നേടിയ ഒര്‍ലാഡോ സിറ്റിയെയാണ് ഇന്റര്‍ മയാമി 3-1നു കീഴടക്കിയത്. ടെലാസ്കോ സെഗോവിയയുടെ (90+1’) വകയായിരുന്നു ഇന്റര്‍ മയാമിയുടെ മൂന്നാം ഗോള്‍.
2-0നു ലോസ് ആഞ്ചലസ് ഗാലക്സിയെ കീഴടക്കിയ സിയാറ്റില്‍ സൗണ്ടേഴ്സ് ആണ് ഫൈനലില്‍ ഇന്റര്‍ മയാമിയുടെ എതിരാളി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് ഫൈനല്‍.