കീവിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
Friday, August 29, 2025 1:28 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേനയുടെ മാരക വ്യോമാക്രമണം. വ്യാഴാഴ്ച പുലർച്ചെ മണിക്കൂറുകൾ നീണ്ട ആക്രമണത്തിൽ നാലു കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. 38 പേർക്കു പരിക്കേറ്റു.
600 ഡ്രോണുകളും 31 മിസൈലുകളുമാണു കീവിനെ ലക്ഷ്യമിട്ട് റഷ്യ പ്രയോഗിച്ചത്. ഈ മാസം റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കീവിലെ 20 കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ആസ്ഥാനത്തിനും ഇതിനടുത്തുള്ള ബ്രിട്ടീഷ് കൗൺസിൽ കെട്ടിടത്തിനും കേടുപാടുണ്ടായി.
യുക്രെയ്ന്റെ വ്യോമതാവളങ്ങളും സൈനിക വ്യവസായ മേഖലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, നഴ്സറികളടക്കം സിവിലിയൻ കേന്ദ്രങ്ങളിലാണു മിസൈലുകളും ഡ്രോണുകളും പതിച്ചത്. 120 പേർ താമസിച്ചിരുന്ന അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ ആക്രമണത്തിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. കെട്ടിടം തരിപ്പണമായി.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളോടു റഷ്യക്കു താത്പര്യമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ആക്രമണം. റഷ്യ ചർച്ചയ്ക്കു പകരം മിസൈലുകൾ തെരഞ്ഞെടുക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു.
ഭയാനകമായ ആക്രമണമാണ് കീവ് നേരിട്ടതെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി.