ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവു താഴേക്ക്
Thursday, August 28, 2025 11:27 PM IST
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് തുടർച്ചയായ രണ്ടാം സെഷനിലും ഇടിവുണ്ടായി. ബിഎസ്ഇ സെൻസെക്സ് 80,080ലും എൻഎസ്ഇ നിഫ്റ്റി 24,500 പോയിന്റിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബാങ്ക്, ഐടി ഓഹരികളാണ് വിൽപ്പനയുടെ ആഘാതം കൂടുതൽ നേരിട്ടത്.
യുഎസിലേക്കുള്ള ഇറക്കുമതികൾക്ക് ഇന്ത്യക്കു മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത് നിക്ഷേപകരുടെ വാങ്ങൽ പ്രവണതയെ ബാധിച്ചു. യുഎസിന്റെ തീരുവ ബുധനാഴ്ചയാണ് പ്രാബല്യത്തിൽ വന്നെങ്കിലും അന്ന് വിനായക ചതുർഥിയെത്തുടർന്ന് വിപണിക്ക് അവധിയായിരുന്നു.
സെൻസെക്സ് 705.97 പോയിന്റ് (0.87%) താഴ്ന്ന് 80080.57ലും നിഫ്റ്റി 211.15 പോയിന്റ് (0.85%) നഷ്ടത്തിൽ 24,500.90ലും വ്യാപാരം പൂർത്തിയാക്കി. മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.09 ശതമാനവും 0.96 ശതമാനവും താഴ്ന്നു.
വിപണിയിലുണ്ടായ ഇടിവിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ നിക്ഷേപകരിൽനിന്ന് 4.67 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. മൊത്തം മൂലധനം 445.27 ലക്ഷം കോടി രൂപയിലെത്തി.
വിപണിയുടെ ഇടിവിന് കാരണങ്ങൾ
►1. ഉയർന്ന യുഎസ് തീരുവ◄
റഷ്യൻ ഓയിൽ വാങ്ങുന്നതിന് ഇന്ത്യക്കു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധിക തീരുവ ബുധനാഴ്ച പ്രാബല്യത്തിലായി. ഇതോടെ മൊത്തത്തിൽ ഇന്ത്യക്കു മേൽ 50 ശതമാനം ഇറക്കുമതി തീരുവയാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്കു മേൽ ചുമത്തിയ 50 ശതമാനം തീരുവ അടുത്ത കാലത്ത് വിപണി വികാരങ്ങളെ ബാധിക്കും. എന്നാൽ ഈ തീരുവകളെ താത്കാലികമായി കാണണമെന്നും പരിഹരിക്കപ്പെടുമെന്നും വിപണിയിൽ പരിഭ്രാന്തി വേണ്ടെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്.
►2. വിദേശ നിക്ഷേപകരുടെ വിൽപ്പന◄
വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്ഐഐകൾ) ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ 6516.49 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ, ആഭ്യന്തര സ്ഥാപനങ്ങൾ 7060.37 കോടി രൂപയുടെ ഓഹരികൾ വാങ്ങിച്ചു. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ ഒന്നിലധികം മേഖലകളിലുണ്ടായി. ഓഗസ്റ്റ് ആദ്യം എഫ്ഐഐകൾ എട്ടു മേഖലകളിൽനിന്നായി 31,900 കോടി രൂപയുടെ ഓഹരികൾ വിറ്റു. സാന്പത്തിക, സാങ്കേതിക മേഖലകളിലാണ് വില്പന ഉയർന്നത്.
വിദേശ നിക്ഷേപകർ വില്പന നടത്തുന്പോൾ ഇന്ത്യൻ വിപണിക്കു താങ്ങാകുന്നത് ആഭ്യന്തര നിക്ഷേപകരുടെ വാങ്ങലുകളാണ്. എഫ്ഐഐകളുടെ ഏതൊരു വിൽപ്പനയും ഇതിലൂടെ നിർവീര്യമാക്കപ്പെടുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
►3. വോളാറ്റിലറ്റി സൂചിക ഉയർന്നു◄
വിപണിയുടെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കുന്ന ഇന്ത്യ വിക്സ് 12.22 ശതമാനമായി ഉയർന്നു. ഇത് വർധിച്ചുവരുന്ന അസ്ഥിരതയുടെയും അനിശ്ചിതങ്ങളുടെയും സൂചനയാണ്.
►4. ഏഷ്യൻ വിപണി ഇടിഞ്ഞു◄
ഏഷ്യൻ മാർക്കറ്റുകൾക്ക് ഇന്നലെ തകർച്ചയുണ്ടായി. അമേരിക്കൻ ചിപ്പ് നിർമാണ കന്പനി എൻവിഡിയയുടെ വരുമാനം ഉയർന്നെങ്കിലും ചൈനയുമായി കന്പനിയുടെ വ്യാപാരം നിക്ഷേപകരിൽ അനിശ്ചിതത്വമുണ്ടാക്കി.
ജപ്പാൻ ഒഴികെയുള്ള എംഎസ്സിഐ ഏഷ്യ-പസഫിക് സൂചിക സെഷനിലുടനീളം ചാഞ്ചാടുകയും 0.2 ശതമാനം താഴുകയും ചെയ്തു.
ജാപ്പനീസ് വിപണികൾ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും 0.63 ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിച്ചത്. ഹോങ്കോംഗിന്റെ ഹാങ്സെംഗ് സൂചിക ഇടിവ് രേഖപ്പെടുത്തി.
കൂപ്പുകുത്തി ടെക്സ്റ്റൈൽ, ആഭരണ ഓഹരികൾ
ട്രംപ് ഇന്ത്യക്കു മേൽ ചുമത്തിയ അധിക തീരുവ പ്രാബല്യത്തിൽ വന്നതോടെ ഇന്നലെ ടെക്സ്റ്റൈൽ, ലെതർ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ ഓഹരികൾക്കു വലിയ നഷ്ടമുണ്ടായി.
ഇന്നലെത്തെ വ്യാപാരത്തിൽ കിറ്റക്സ് ഗാർമെന്റ്,് അലോക് ഇൻഡസ്ട്രീസ്, റെയ്മണ്ട് ലൈഫ്സ്റ്റൈൽ, സിയാറാം സിൽക്ക് മിൽസ്, വെൽസ്പണ് ലിവിംഗ്, ഗോകാൽദാസ് എക്സ്പോർട്സ്, ട്രൈഡന്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ചെമ്മീൻ കന്പനികളുടെ ഓഹരികൾ നാലു മുതൽ അഞ്ചു ശതമാനം വരെ താഴ്ന്നു.
ലെതർ ആൻഡ് ഫുട്വെയർ കന്പനികളുടെ ഓഹരികൾ ഒന്നു മുതൽ രണ്ടു ശതമാനം വരെ ത്ാഴചയിലാണ് ക്ലോസ് ചെയ്തത്. രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ ഓഹരികളിലും വലിയ ഇടിവുണ്ടായി.