സോഫ്റ്റ്വേർ കയറ്റുമതിയിൽ 14,575 കോടി വരുമാനവുമായി ടെക്നോപാർക്ക്
Wednesday, August 27, 2025 11:12 PM IST
തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്വേർ കയറ്റുമതി വരുമാനത്തിൽ 2024-25 സാന്പത്തിക വർഷം 14,575 കോടി വളർച്ചയുമായി ടെക്നോപാർക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വളർച്ച.
വിശാലമായ 768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബിൽ അഞ്ഞൂറോളം കന്പനികളാണ് പ്രവർത്തിക്കുന്നത്. 80,000 പേർക്ക് നേരിട്ടും രണ്ടു ലക്ഷത്തിലധികം പേർക്ക് നേരിട്ടല്ലാതെയും ജോലി നൽകുന്നു.
കേരളത്തിലെ ശക്തമായ ഐടി മേഖലയുടെ കരുത്തിന്റെയും ഇവിടെ പ്രവർത്തിക്കുന്ന കന്പനികളുടെ പ്രഫഷണലിസത്തിൻറെയും തെളിവാണ് ഈ നേട്ടമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു.
തലസ്ഥാന ജില്ലയിൽ കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴിയായ ടെക്നോപാർക്ക് പ്രവർത്തിക്കുന്നത്. കാന്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറും.