ഇന്ത്യ ടെക്സ്റ്റൈൽസ് കയറ്റുമതി ഉയർത്തും
Wednesday, August 27, 2025 11:13 PM IST
മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ തുണിത്തരങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ 40 രാജ്യങ്ങളിലേക്ക് വസ്ത്രങ്ങളുടെയും തുണികളുടെയും കയറ്റുമതി വർധിപ്പിക്കുകയാണ് ഇന്ത്യയുടെ പദ്ധതിയെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ആഗോള തുണിത്തരങ്ങളുടെ വ്യാപാരത്തിൽ ഇന്ത്യയുടെ വിപണിവിഹിതം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിലുകൾ വൈവിധ്യവത്കരണ തന്ത്രത്തിന് നേതൃത്വം നൽകും.
ജർമനി, ഇറ്റലി, ഫ്രാൻസ്, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബൽജിയം, തുർക്കി, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യ ഇതിനകം 220ലധികം രാജ്യങ്ങളിലേക്ക് വസത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി നടത്തുന്നവയിൽ 40 രാജ്യങ്ങളാണ് വൈവിധ്യവത്കരണത്തിന് മുൻപന്തിയിലുള്ളത്.
ഈ 40 രാജ്യങ്ങളും ചേർന്ന് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതിയിൽ 590 ബില്യണ്‍ യുഎസ് ഡോളറിലധികം പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യക്ക് അതിന്റെ വിപണിവിഹിതം വർധിപ്പിക്കുന്നതിന് വലിയ അവസരങ്ങൾ നൽകുന്നു. നിലവിൽ ഇത് ഏകദേശം 5-6 ശതമാനം മാത്രമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത് തിരിച്ചറിഞ്ഞുകൊണ്ട്, പരന്പരാഗത വിപണികളിലും വളർന്നുവരുന്ന വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്ന് യുഎസിലെത്തുന്ന ഉത്പന്നങ്ങൾക്കുള്ള 50 തീരുവ ഇന്നലെ മുതൽ പ്രബല്യത്തിൽ വന്നു. 48 ബില്യണ്‍ ഡോളറിലധികം വരുന്ന കയറ്റുമതിയെയാണ് ഇതു ബാധിക്കുന്നത്.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയുടെ ആഘാതം വഹിക്കേണ്ടിവരുന്ന മേഖലകളിൽ തുണിത്തരങ്ങൾ/വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, മൃഗ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
2024-25ൽ, ടെക്സ്റ്റൈൽ, വസ്ത്ര മേഖലയുടെ ആകെ വലിപ്പം 179 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. ഇതിൽ 142 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
ആഗോളതലത്തിൽ, 2024ൽ ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതി വിപണിയുടെ മൂല്യം 800.77 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ലോക വ്യാപാരത്തിൽ ഇന്ത്യക്ക് 4.1 ശതമാനം വിപണിവിഹിതമാണുള്ളത്. 220 രാജ്യങ്ങളിൽ ചുവടുറപ്പിച്ച് രാജ്യം കയറ്റുമതിൽ ആറാം സ്ഥാനത്താണ്.
മാർക്കറ്റ് മാപ്പിംഗ് നടത്തി, ഉയർന്ന ഡിമാൻഡ് ഉള്ള ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ്, സൂററ്റ്, പാനിപ്പത്ത്, തിരുപ്പൂർ, ഭദോഹി തുടങ്ങിയ പ്രത്യേക ഉത്പാദന ക്ലസ്റ്ററുകളെ മികച്ച 40 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ കയറ്റുമതി പ്രമോഷൻ കൗണ്‍സിലുകൾ (ഇപിസികൾ) ഇന്ത്യയുടെ വൈവിധ്യവത്കരണ തന്ത്രത്തിന്റെ നട്ടെല്ലായിരി ക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്താരാഷ്ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ എന്നിവയിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന് അവർ നേതൃത്വം നൽകും. അതേസമയം ഏകീകൃത ബ്രാൻഡ് ഇന്ത്യ വീക്ഷണത്തിന് കീഴിൽ കാന്പെയ്നുകൾ നടത്തുകയും ചെയ്യും.