ആശങ്കപ്പെടാതെ വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, August 25, 2025 1:13 AM IST
യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങുന്ന സൂചന അമേരിക്കൻ മാർക്കറ്റിനെ മാത്രമല്ല, യൂറോപ്യൻ ഓഹരി ഇൻഡക്സുകളെയും ആവേശം കൊള്ളിച്ചു.
ഏഷ്യൻ മാർക്കറ്റുകളും ഇത് പ്രതീക്ഷ പകർന്നെങ്കിലും ഇന്ത്യൻ വിപണിക്ക് വാരാന്ത്യം തിരിച്ചടി നേരിട്ടു, എന്നാൽ, ഇത് ഒരു തകർച്ചയുടെ സൂചനയല്ല. കൂടുതൽ മുന്നേറാനാവശ്യമായ കുരുത്ത് കണ്ടെത്താനുള്ള തയാറെടുപ്പായി വാരാവസാന ദിനത്തിലെ തളർച്ചയെ വിലയിരുത്താം. മുൻ വാരങ്ങളിൽ സൂചന നൽകിയതാണ് നിലവിലെ മുന്നേറ്റം ഒരു ബുൾ റാലിയുടെ തുടക്കം മാത്രമാണെന്ന്. താഴ്ന്ന റേഞ്ചിൽ പരമാവധി വാങ്ങലുകൾക്ക് അവസരം കണ്ടെത്തുകയാണ് പ്രാദേശിക നിക്ഷേപകർ.
സാമ്പത്തിക മേഖലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ യുഎസ് താരിഫ് ഭീഷണിക്ക് ഇന്ത്യൻ വളർച്ചയെ പിടിച്ചുനിർത്താനാവില്ല. ബുധനാഴ്ചയാണ് ഈ വിഷയത്തിൽ അവസാന ദിനമായി അവർ പ്രഖ്യാപിച്ചത്. അതേ സമയം മികച്ച മൺസൂണും കാർഷിക മേഖലയിലെ മുന്നേറ്റവും നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നു. തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിർത്തിയ സെൻസെൻക്സ് 709 പോയിന്റും നിഫ്റ്റി സൂചിക 238 പോയിന്റും വർധിച്ചു. നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ മുംബൈയെ പിടിച്ചുലച്ചത് ഇടപാടുകളുടെ അവസാന ദിനത്തിൽ നിക്ഷേപരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു.
നിഫ്റ്റിക്കും സെൻസെക്സിനും മുന്നേറ്റം
നിഫ്റ്റി സൂചിക 24,631 പോയിന്റിൽ നിന്നും മികവോടെയാണ് വ്യാപാരം തുടങ്ങിയത്. വിദേശ ഓപ്പറേറ്റർമാർ വാരാരംഭത്തിൽതന്നെ വിൽപ്പനയ്ക്ക് ഇറങ്ങിയെങ്കിലും ആഭ്യന്തര ഫണ്ടുകൾ മുൻ നിര, രണ്ടാം നിര ഓഹരികളിൽ കാണിച്ച താത്പര്യം വിപണിക്ക് പിന്തുണയായി. മുൻവാരം സൂചിപ്പിച്ച 24,773 -24,915 പോയിന്റുകളിൽ പ്രതിരോധം തകർത്ത് ഒരു വേള 25,092 കടന്ന് 25,144 പോയിന്റ് വരെ മുന്നേറി. കഴിഞ്ഞ ലക്കം വ്യക്തമാക്കിയ മൂന്നാം പ്രതിരോധമായ 25,092 കടന്നതോടെ വിൽപ്പനയ്ക്ക് ഇടപാടുകാർ മത്സരിച്ചു.
ഇതിനിടയിൽ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ ലോംഗ് കവറിംഗിനും പുതിയ ഷോർട്ട് പൊസിഷനുകൾക്കും ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചത് വെള്ളിയാഴ്ച വിപണിയെ പിടിച്ചുലച്ചു. ഒരു വേള സൂചിക 24,589ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 24,870 പോയിന്റിലാണ്. നിഫ്റ്റിക്ക് ഈ വാരം 25,056-25,242 പോയിന്റുകളിൽ പ്രതിരോധം നേരിടാം, ഇത് മറികടന്നാൽ 25,527 ലേക്ക് സെപ്റ്റംബർ ആദ്യ പകുതിയിൽ വിപണി സഞ്ചരിക്കാം. ലാഭമെടുപ്പിന് നീക്കം നടന്നാൽ വിപണിക്ക് 24,771 -24,672 ൽ താങ്ങുണ്ട്.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചറിൽ നിക്ഷേപകർ കാണിച്ച താത്പര്യത്തിൽ 25,039ലേക്ക് കയറി. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 12.2 ലക്ഷം കരാറുകളിൽ നിന്ന് 31 ലക്ഷം കരാറുകളായി ഉയർന്നത് ഹ്രസ്വകാലയളവിലേക്ക് ബുള്ളിഷ് ട്രെൻഡിന് സാധ്യത ഒരുക്കാം. എന്നാൽ, വെള്ളിയാഴ്ച അനുഭവപ്പെട്ട വിൽപ്പന സമ്മർദത്തിൽ ഊഹക്കച്ചവടക്കാർ പുതിയ ഷോർട്ട് പൊസിഷനുകൾക്കും ഉത്സാഹിച്ചു.
ബോംബെ സെൻസെക്സ് വീണ്ടും മികവ് കാണിച്ചു. മുൻവാരത്തിലെ 80,597 പോയിന്റിൽ നിന്നും 82,219 പോയിന്റ് വരെ കയറിയതിനിടയിലാണ് ബ്ലൂചിപ്പ് ഓഹരികളിൽ ഇടപാടുകാർ ലാഭമെടുപ്പ് തുടങ്ങിയത്. ആഭ്യന്തര വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച മത്സരിച്ച് വിൽപ്പനയ്ക്ക് ഇറങ്ങിയതോടെ സൂചിക 81,258ലേക്ക് ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 81,306 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 81,930 -82,555 പോയിന്റുകളിൽ പ്രതിരോധവും 80,969 - 80,633 പോയിന്റിൽ സപ്പോർട്ടുമുണ്ട്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപകരാകുന്നു
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പതിനെട്ടാം വാരത്തിലും നിക്ഷേപകരായി തുടരുന്നത് പ്രാദേശിക ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി. പിന്നിട്ടവാരം അവർ നിക്ഷേപിച്ചത് 10,717.48 കോടി രൂപയാണ്. വാരാന്ത്യം അവർ 329.25 കോടി രൂപയുടെ വിൽപ്പന നടത്തി. ഇതോടെ ഓഗസ്റ്റിലെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 66,183.51 രൂപയായി. വിദേശ ഓപ്പറേറ്റർമാർ പോയവാരം 3370 കോടി രൂപയുടെ വിൽപ്പനയും 1797.36 കോടി രൂപ നിക്ഷേപവും നടത്തി. ഈ മാസത്തെ വിദേശ വിൽപ്പന 27,548.11 കോടി രൂപയായി.
ഇന്ത്യയിൽനിന്നും നിക്ഷേപം തിരിച്ചുപിടിക്കാൻ പിന്നിട്ട നാലാഴ്ചയായി ആഗോള ഫണ്ടുകൾ മത്സരിക്കുന്നു. വിൽപ്പനതോത് എട്ട് മാസങ്ങളിലെ ഉയർന്ന നിലവാരത്തിലെത്തിയത് ആശങ്ക ഉളവാക്കുന്നു. ഇവിടെ നിന്നും പിൻവലിക്കുന്ന പണം ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ് ഫണ്ടുകൾ തിരിച്ചുവിടുന്നത്. ഒരുമാസകാലയളവിൽ ഏകദേശം 1.8 ബില്യൻ ഡോളർ അവർ ഇന്ത്യയിൽനിന്നും തിരിച്ചുപിടിച്ചു. നടപ്പ് വർഷം ജനുവരിക്കുശേഷം ഇത്രയധികം പണം പിൻവലിക്കുന്നതും ആദ്യമാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. രൂപ 87.50ൽനിന്നും 86.92ലേക്ക് കരുത്ത് കാണിച്ച ശേഷം 87.54ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം 87.52ലാണ്. യുഎസ് ഫെഡ് റിസർവ് അടുത്ത മാസം മധ്യം പലിശ നിരക്കുകളിൽ ഭേദഗതികൾ വരുത്താം. ലോക രാജ്യങ്ങൾക്ക് നേരെ തീരുവ ഭീഷണി മുഴുക്കിയ അവർ വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഏഷ്യൻ രാജ്യങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കാർഷികോത്പന്ന കയറ്റുമതി ചുരുങ്ങുമെന്നത് ഫലത്തിൽ യുഎസ് നാണയപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3335 ഡോളറിൽനിന്നും 3311ലേക്ക് താഴ്ന്നത് അവസരമാക്കി ഫണ്ടുകൾ പുതിയ ബയിംഗിന് മത്സരിച്ചത് മഞ്ഞലോഹത്തെ 3378 ഡോളർ വരെ ഉയർത്തി, വ്യാപാരാന്ത്യം 3370 ഡോളറിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ സ്വർണത്തിന് 3433 ഡോളറിൽ പ്രതിരോധവും 3272 ഡോളറിൽ താങ്ങുമുണ്ട്.