വ്യവസായികളേയും സംരംഭകരേയും സഹായിക്കുന്ന സോഫ്റ്റ്വേർ പുറത്തിറക്കി
Friday, August 22, 2025 11:01 PM IST
തിരുവനന്തപുരം: വ്യവസായികൾക്കും സംരംഭകർക്കും ഉത്പന്നങ്ങൾ വാട്സ്ആപ്പിലൂടെ വില്ക്കാൻ സഹായിക്കുന്ന വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷൻ സോഫ്റ്റ്വേർ കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ’പിക്കി അസിസ്റ്റ് ’ പുറത്തിറക്കി.
പിക്കി അസിസ്റ്റിന്റെ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷൻ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തെയോ അധിക ജീവനക്കാരെയോ ഒഴിവാക്കി ഉത്പന്നങ്ങൾ വാട്സ്ആപ്പിലൂടെ വിൽക്കാൻ സാധിക്കുമെന്ന് പിക്കി അസിസ്റ്റ് സ്ഥാപകനും സിഇഒ യുമായ റെജി ശിവൻകുട്ടി പറഞ്ഞു. ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ബിസിനസുകൾക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന കാര്യക്ഷമതയുള്ള ഒരു ഡിജിറ്റൽ വിൽപ്പന ചാനൽ ആഗോളതലത്തിൽ തുറന്നുനൽകാൻ ഇത് സഹായകമാകും.
പ്രാദേശിക സംരംഭകർക്കും ഓണ്ലൈൻ മാർക്കറ്റുകളെ ആശ്രയിക്കുന്നവർക്കും ഇതിലൂടെ വലിയൊരു മാറ്റം സാധ്യമാകും. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ കമ്മീഷൻ ലാഭിക്കാനും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ദീർഘകാല ബ്രാൻഡ് വിശ്വസ്തത വളർത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്പന്നങ്ങൾ നിർമിക്കുക, പാക്ക് ചെയ്ത് അയയ്ക്കുക എന്നിവ ഒഴികെ ബിസിനസിനെ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ സംവിധാനം സ്വയം ചെയ്യും.
ചടങ്ങിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അഗർവാൾ, പിക്കി അസിസ്റ്റ് ഡയറക്ടർ രേവതി രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് വാട്സ്ആപ്പും എഐയും ഉപയോഗിച്ച് ബിസിനസ് എങ്ങനെ വികസിപ്പിച്ച് ഓട്ടോമേറ്റ് ചെയ്യാമെന്ന വിഷയത്തിൽ ശില്പശാല നടന്നു. ടെക്നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിക്കി അസിസ്റ്റ് 81 രാജ്യങ്ങളിലെ ആയിരത്തിലധികം ബിസിനസുകൾക്ക് വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സങ്കേതങ്ങളിലൂടെ ഉപഭോക്തൃ ഇടപെടൽ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്നു.
വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷൻ പുറത്തിറക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ, ഭക്ഷണം, ഫാഷൻ, ഐഒടി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വിവിധ മേഖലകളിലെ തിരുവനന്തപുരത്തെ ഏഴു കന്പനികൾ പിക്കി അസിസ്റ്റ് സംരംഭത്തിന്റെ ആദ്യ പങ്കാളികളായി.