ഇന്ത്യൻ വിപണിയിൽ നോട്ടം; 399 രൂപയുടെ ചാറ്റ് ജിപിടി ഗോ പുറത്തിറക്കി ഓപ്പണ്‍ എഐ
Wednesday, August 20, 2025 1:54 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ചാറ്റ് ജിപിടി ഗോ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രതിമാസം 399 രൂപയ്ക്കാണു ചാറ്റ് ജിപിടി ഗോ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക.
ചാറ്റ് ജിപിടിയുടെ സൗജന്യവേർഷന്റെ എല്ലാ പ്രത്യേകതകളോടുമൊപ്പം തന്നെ കൂടുതൽ മെമ്മറി, ഉയർന്ന മെസേജ് പരിധികൾ, കൂടുതൽ വേഗത്തിൽ ഇമേജ് ജനറേഷനുകൾ, കൂടുതൽ ഫയൽ അപ്ലോഡുകൾ എന്നിവ ഓപ്പണ്‍ എഐ അവതരിപ്പിച്ച പുതിയ വേർഷന്റെ പ്രത്യേകതകളാണ്. കന്പനിയുടെ ഏറ്റവും പുതിയ മോഡലായ ജിപിടി-5 സപ്പോർട്ട് ചെയ്യുന്ന ചാറ്റ് ജിപിടി ഗോയിൽ ഇന്ത്യയുടെ തനത് ഓണ്‍ലൈൻ പേമെന്റ് സംവിധാനമായ യുപിഐയും ഉൾപ്പെടുന്നുണ്ട്.
ഓപ്പണ്‍ എഐയുടെ മറ്റു സബ്സ്ക്രിപ്ഷൻ വേർഷനുകളായ ചാറ്റ് ജിപിടി പ്ലസിൽനിന്നും (പ്രതിമാസം 1999 രൂപ) ചാറ്റ് ജിപിടി പ്രോയിൽനിന്നും (പ്രതിമാസം 19,900 രൂപ) വ്യത്യസ്തമായി ഇന്ത്യൻ ഉപയോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിലാണു പുതിയ വേർഷൻ പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാർഥികളും പ്രൊഫഷണൽസും ഡെവലപ്പേഴ്സും ഉൾപ്പെടെ കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യയാണ് ചാറ്റ് ജിപിടി ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമെന്നിരിക്കെ താങ്ങാവുന്ന വിലയിൽ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ഇന്ത്യൻ വിപണി കൈക്കലാക്കാനാണ് ഓപ്പണ്‍ എഐയുടെ ശ്രമം.
ചാറ്റ് ജിപിടി ആപ്പിൽ ലോഗിൻ ചെയ്തതിനുശേഷം പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രിപ്ഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പണമിടപാട് നടത്തിക്കഴിഞ്ഞാൽ ചാറ്റ് ജിപിടി ഗോയുടെ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും.