പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി സപ്ലൈകോ
Wednesday, August 20, 2025 1:54 AM IST
കൊച്ചി: സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ അഞ്ച് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. അരിപ്പൊടി (പുട്ടുപൊടി, അപ്പംപൊടി), പായസം മിക്സ് (സേമിയ, പാലട), പഞ്ചസാര, ഉപ്പ്, പാലക്കാടന്‍ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണു പുറത്തിറക്കിയത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി.ആര്. അനിൽ നടി റിമ കല്ലിങ്കലിനു നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.
വിപണിവിലയേക്കാള്‍ പകുതി വിലയില്‍, കിലോയ്ക്ക് 46 രൂപയ്ക്കാണ് അരിപ്പൊടി വില്‍ക്കുന്നത്. പുട്ടുപൊടി, അപ്പംപൊടി എന്നിവ ഒരുമിച്ചു വാങ്ങിയാല്‍ 88 രൂപ നല്കിയാല് മതി. വിപണിയില്‍ 20 രൂപ വിലയുള്ള ഉപ്പ് 12 രൂപയ്ക്കാണു സപ്ലൈകോ നല്‍കുക. 42 രൂപയ്ക്കാണു ശബരി പായസം മിക്സ് വിതരണത്തിനെത്തിക്കുന്നത്.
വിപണിയില്‍ 65 രൂപ വിലയുള്ള പഞ്ചസാര 50 രൂപയ്ക്കാണു സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. പാലക്കാടന്‍ മട്ട അരിയും മിതമായ വിലയ്ക്കാണു നല്‍കുന്നത്. പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് അരി നേരിട്ട് എടുത്ത് ശബരി ബ്രാന്‍ഡില്‍ വിതരണം ചെയ്യുകയാണ്. അടുത്തഘട്ടത്തില്‍ നെല്ല് നേരിട്ടു സംഭരിച്ച് അരിയാക്കി വിതരണം ചെയ്യാനും നടപടികളെടുത്തിട്ടുണ്ട്.
ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഒന്നിന് എട്ടു കിലോ അരിയാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തുവന്നിരുന്നത്. ഇതിനുപുറമെ ഓണക്കാലത്ത് 20 കിലോ അരികൂടി പ്രത്യേകമായി ലഭിക്കും. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്ന് ഒരു കിലോയായി വര്‍ധിപ്പിട്ടുണ്ട്. വെളിച്ചെണ്ണ വില കുറയുമെന്ന പ്രതീക്ഷയും മന്ത്രി നല്‍കുന്നുണ്ട്. സപ്ലൈകോയുടെ ഇടപടലിലൂടെ വെളിച്ചെണ്ണയുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സാധിച്ചു.
വിപണിയില്‍ 550 രൂപ വിലയുണ്ടായിരുന്നപ്പോൾ കേര ഫെഡിന്റെ വെളിച്ചണ്ണ 475 രൂപയ്ക്കാണു സപ്ലൈകോ വഴി നല്‍കുന്നത്. വില ഇനിയും കുറയും. ഇതിനായി കേര ഫെഡുമായി സംസാരിച്ചുവരികയാണ്. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്കും സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയ്ക്കും നല്‍കുന്നുണ്ട്.
ഓണച്ചന്തകള്‍ 25 മുതല്‍
സപ്ലൈകോ ഓണച്ചന്തകള്‍ 25ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 25ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
എറണാകുളം കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ 26ന് മന്ത്രി പി. രാജീവ് ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും.
കൂടാതെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 26 മുതല്‍ സബ്സിഡി ഉത്പന്നങ്ങളുള് ഉള്‍പ്പെടെയുള്ള സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ എത്തും. റേഷന്‍ കടകള്‍ വഴിയുള്ള 14 ഇന ഓണക്കിറ്റുകള്‍ 26 മുതല്‍ വിതരണം ആരംഭിക്കും.