തളരാതെ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, August 18, 2025 1:10 AM IST
കഴുകൻകണ്ണുകളുമായി വിപണിയെ ഉറ്റുനോക്കിയ അവർ ബോട്ടം ഫിനിഷിംഗിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞവാരം സൂചന നൽകിയതാണു തകർച്ചയിൽ ഏറ്റവും താഴ്ന്ന റേഞ്ചിൽ പുതിയ സാധ്യതകൾക്ക് അവസരം കണ്ടെത്തുന്ന തന്ത്രം നമ്മുടെ ഇടപാടുകാരും പരീക്ഷിക്കണമെന്നത്, ആ ഉപദേശം അവർ രണ്ട് കൈയും നീട്ടി അക്ഷരംപ്രതി സ്വീകരിച്ചുവെന്നു മാത്രമല്ല, അതിൽ വിജയിക്കുകയും ചെയ്തു.
തൊട്ടു മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്, വിദേശ ഓപ്പറേറ്റർമാർ പലപ്പോഴും പരീക്ഷിച്ച് തന്ത്രം നമുക്കും ഒന്ന് പയറ്റാമെന്ന്. അതേ, ആറ് ആഴ്ചകളിലെ തുടർച്ചയായ തകർച്ചയെ കത്രികപ്പൂട്ടിട്ട് ബന്ധിച്ചത് നിഫ്റ്റി സൂചികയുടെ കരുത്ത് തിരിച്ചുപിടിക്കാൻ അവസരം ഒരുക്കി. 268 പോയിന്റിന്റെ പ്രതിവാര മികവിലാണ് നിഫ്റ്റിയിൽ വാരാന്ത്യം വ്യാപാരം അവസാനിച്ചത്; സെൻസെക്സ് 740 പോയിന്റ് വർധിച്ചു.
നിക്ഷേപകരായി ആഭ്യന്തര ഫണ്ടുകൾ
ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ 17-ാം വാരത്തിലും വിപണിയിൽ നിക്ഷേപകരാണ്. ഓഗസ്റ്റിൽ ഇതിനകം 55,795.28 കോടി രൂപയുടെ ഓഹരി വാങ്ങി, പിന്നിട്ടവാരം ഇടപാടുകൾ നടന്നാല് ദിവസങ്ങളിൽ അവർ നിക്ഷേപിച്ചത് 18,999.76 കോടി രൂപയാണ്. വിദേശ ഫണ്ടുകൾ പോയവാരം 10,172.64 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. ഈ മാസം വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പന 24,191.51 കോടി രൂപയായി.
തളരാതെ നിഫ്റ്റി
നിഫ്റ്റി സൂചിക മുൻവാരത്തിലെ 24,363 പോയിന്റിൽനിന്നും അല്പം തളർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. വെള്ളിയാഴ്ച സ്വാതന്ത്ര്യദിന അവധി മൂലം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയത് മൂലം വിദേശ ഓപ്പറേറ്റർമാരിൽ നിന്നുള്ള വിൽപ്പന അല്പം കുറവായിരുന്നു.
എന്നാൽ, ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകിയത് തിരിച്ചുവരവിന് അവസരമൊരുക്കി. നിഫ്റ്റി ഒരവസരത്തിൽ 24,347 പോയിന്റിലേക്ക് താഴ്ന്ന ഘട്ടത്തിലാണ് ഫണ്ട് ബയിംഗ് ശക്തമാക്കിയത്. ഒരു പരിധി വരെ ഇടപാടുകാർ ബോട്ടം ബയിംഗിനുള്ള അവസരം പ്രയോജനപ്പെടുത്തിയതിനാൽ മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 24,337 പോയിന്റിലേക്ക് സൂചികയെ തളരാൻ അനുവദിക്കാത്ത വിധം ബ്ലൂചിപ്പ് ഓഹരികളിലും അവർ ശക്തമായ വാങ്ങലിന് ഉത്സാഹിച്ചു.
ഇതോടെ കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 24,681ലെ തടസം മറികടന്ന് നിഫ്റ്റി 24,702 പോയിന്റ് വരെ ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 24,631ലാണ്. ഈ വാരം സൂചികയ്ക്ക് 24,773-24,915 പോയിന്റുകളിൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ മാസാന്ത്യത്തിനു മുന്നേ 25,092 നെ ലക്ഷ്യമാക്കാം. വിപണിക്ക് 24,418 -24,205ൽ താങ്ങുണ്ട്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 400 പോയിന്റ് റേഞ്ചിൽ തടസം നേരിടാമെങ്കിലും വീക്ക്ലി ചാർട്ട് ബുൾ ഓപ്പറേറ്റർമാർക്ക് പ്രതീക്ഷ പകരും വിധം ശക്തി സംഭരിക്കുകയാണ്. ദീപാവലി വേളയിൽ 26,000 പോയിന്റിനു മുകളിൽ സഞ്ചരിക്കാനാവശ്യമായ കരുത്ത് സ്വരൂപിക്കുകയാവും നിഫ്റ്റിയുടെ ലക്ഷ്യം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചറിൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിനിറങ്ങി. മുൻവാരത്തിലെ 24,430ൽനിന്നുള്ള തിരിച്ചുവരവിൽ കഴിഞ്ഞവാരം സുചിപ്പിച്ച 24,550 ലെ പ്രതിരോധം തകർത്ത് ഒരു ശതമാനം നേട്ടത്തിൽ 24,685 വരെ ഉയർന്നു. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 172 ലക്ഷം കരാറുകളിൽനിന്ന് 167 ലക്ഷം കരാറുകളായി കുറഞ്ഞു. മുന്നേറ്റത്തിൽ പരിഭ്രാന്തരായ വിൽപ്പനക്കാർ കവറിംഗിനു മത്സരിച്ചു. നിലവിലെ സാഹചര്യത്തിൽ 24,800 ലെ തടസം വിപണി മറികടന്നാൽ പുതിയ ബയർമാരുടെ വരവിനൊപ്പം വിൽപ്പനകൾ തിരിച്ചുപിടിക്കാനുള്ള തിടുക്കവും ദർശിക്കാനാവും.
തിരിച്ചുവരവ് നടത്തി സെൻസെക്സ്
വിദേശ വിൽപ്പനയിൽ നട്ടംതിരിഞ്ഞ ബോംബെ സെൻസെക്സ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് ആഘോഷിക്കുന്നു. മുൻ വാരത്തിലെ 79,857 പോയിന്റിൽനിന്നും തുടക്കത്തിൽ 79,816ലേക്ക് തളർന്ന അവസരത്തിൽ ബുൾ ഓപ്പറേറ്റർമാർ പിടിമുറിക്കിയതിനാൽ സൂചിക 80,682ലെ ആദ്യ തടസം മറികടന്ന് 80,974 പോയിന്റ് വരെ കയറി. ഉയർന്ന റേഞ്ചിൽ ഇടപാടുകാർ ലാഭമെടുപ്പിന് നീക്കം നടത്തിയതിനാൽ വ്യാപാരാന്ത്യം സൂചിക 80,597ലാണ്. ഈ വാരം സെൻസെക്സിന് 81,108 - 81,620 പോയിന്റിൽ പ്രതിരോധവും 79,950- 79,950 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം.
രൂപയ്ക്ക് ഉണർവ്, സ്വർണത്തിന് ചാഞ്ചാട്ടം
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഉണർവ് കണ്ടു. തുടർച്ചയായി അഞ്ച് ആഴ്ചകളിലെ തിരിച്ചടിക്ക് ശേഷം രൂപ 87.66ൽനിന്നും 87.43ലേക്ക് മികവ് കാണിച്ച ശേഷം വാരാന്ത്യം 87.50ലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 3397 ഡോളറിൽനിന്നും 3400 ഡോളർ വരെ കയറിയ ശേഷം 3331 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 3335 ഡോളറിലാണ്. നിലവിൽ വിപണിക്ക് 3436 ഡോളറിൽ ശക്തമായ പ്രതിരോധം രൂപപ്പെടുന്നു, ഇതിനിടയിൽ വിവിധ സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലേക്ക് മുഖംതിരിക്കുന്നതിനാൽ 3270 - 3206 ഡോളറിലേക്ക് പരീക്ഷണങ്ങൾ നടത്താം.