പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം കഴിച്ച് മാർപാപ്പ: “സൃഷ്ടികളിൽ ഏറ്റവും മനോഹരം നമ്മൾതന്നെ”
Monday, August 18, 2025 1:03 AM IST
റോം: ദൈവത്തിന്റെ പ്രതിച്ഛായയിൽ രൂപംകൊണ്ട നമ്മളോരോരുത്തരുമാണ് ഏറ്റവും മനോഹര സൃഷ്ടികളെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഇറ്റലിയിലെ അൽബാനോ ലാസിയേൽ രൂപത ഇന്നലെ പാവപ്പെട്ടവർക്കും അഗതികൾക്കുമായി സംഘടിപ്പിച്ച ഉച്ചവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ ച്ഛായ പ്രതിഫലിപ്പിക്കുന്നു എന്ന സത്യം എപ്പോഴും ഓർത്തിരിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ ഉദ്യാനത്തിലായിരുന്നു വിരുന്ന്. അൽബാനോ ലാസിയേൽ രൂപതയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് അൽബാനോയുടെ പരിചരണത്തിൽ കഴിയുന്ന നൂറിലധികം പേരാണ് വിരുന്നിൽ പങ്കെടുത്തത്.