യുക്രെയ്ന്റെ ഭൂമി ചോദിച്ച് പുടിൻ; ട്രംപിനു സമ്മതമെന്നു റിപ്പോർട്ട്
Monday, August 18, 2025 1:03 AM IST
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റ് പുടിൻ അലാസ്ക ഉച്ചകോടിയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ യുക്രെയ്നു വലിയ നഷ്ടമുണ്ടാക്കുമെന്നു നിരീക്ഷണം.
പിടിച്ചെടുത്തതിനു പുറമേ ഇനിയും യുക്രെയ്ൻ ഭൂമി വിട്ടുകിട്ടണമെന്നു പുടിൻ യുഎസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടതായി ഉച്ചകോടിയെക്കുറിച്ച് നേരിട്ടറിവുള്ള ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്, ഡോണറ്റ്സ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകിട്ടണം എന്നതായിരുന്നു പുടിന്റെ പ്രധാന ആവശ്യം. ലുഹാൻസ് പൂർണമായും റഷ്യൻ നിയന്ത്രണത്തിലാണ്. എന്നാൽ യുക്രെയ്ൻ സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനാൽ ഡോണറ്റ്സ്ക് മുഴുവനായി പിടിച്ചെടുക്കാൻ റഷ്യക്കു കഴിഞ്ഞിട്ടില്ല. ഏതാണ്ട് 6,600 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു റഷ്യക്കു കീഴടങ്ങാനുള്ളത്. ഇവിടെയുള്ള യുക്രെയ്ൻ സൈനികർ പിൻവാങ്ങി ഭൂമി റഷ്യക്കു വെറുതേ നല്കണമെന്നാണു പുടിൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ട്രംപ് അനുകൂല മനോഭാവം പ്രകടിപ്പിച്ചുവെന്നാണു റിപ്പോർട്ട്.
ഇതിനു പകരമായി റഷ്യൻ സേനയ്ക്കു ഭാഗിക നിയന്ത്രണമുള്ള യുക്രെയ്നിലെ സാപ്പോറിഷ്യ, ഖേർസൺ പ്രവിശ്യകളിൽ യുദ്ധം നിർത്താമെന്നാണു പുടിന്റെ വാഗ്ദാനം. ഈ പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുകൊടുക്കില്ല. വടക്കൻ യുക്രെയ്നിലെ സുമി, വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് എന്നിവിടങ്ങളിൽ റഷ്യ പിടിച്ചെടുത്ത തുണ്ടുഭൂമികൾ യുക്രെയ്നു തിരിച്ചു കൊടുക്കാം. ഏതാണ്ട് 440 ചരുരശ്ര കിലോമീറ്റർ മാത്രം വരുന്ന ഭൂമിയാണിത്.
2014ൽ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയൻ പ്രദേശം റഷ്യയുടേതാണെന്ന് അംഗീകരിക്കുക, ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിക്കുക, റഷ്യൻ ഭാഷയ്ക്ക് യുക്രെയ്നിൽ ഔദ്യോഗിക പദവി അനുവദിക്കുക, യുക്രെയ്നിൽ റഷ്യൻ ഓർത്തഡോക്സ് സഭയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക, യുക്രെയ്നു നാറ്റോ അംഗത്വം നല്കരുത് എന്നിവയാണ് ട്രംപിനു മുന്നിൽ പുടിൻ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ.
നാറ്റോ അംഗത്വമില്ലാത്ത യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്നതിനോടു യോജിപ്പാണെന്നും പുടിൻ പറഞ്ഞു.