ഓസ്ട്രേലിയയും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും
Tuesday, August 12, 2025 2:08 AM IST
കാൻബറ: സെപ്റ്റംബറിലെ യുഎൻ പൊതുസഭാ യോഗത്തിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയയും പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ രാജ്യങ്ങളുടെ പാത പിന്തുടർന്നാണ് ഓസ്ട്രേലിയയുടെ തീരുമാനം.
ഭാവി പലസ്തീൻ രാഷ്ട്രത്തിൽ ഹമാസിനു പങ്കുണ്ടാകില്ലെന്ന ഉറപ്പ് പലസ്തീൻ അഥോറിറ്റിയിൽനിന്നു ലഭിച്ച പശ്ചാത്തലത്തിലാണു തീരുമാനമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെയേ പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാനാകൂ എന്നും ആൽബനീസ് ചൂണ്ടിക്കാട്ടി. നിരായുധീകരണം, പൊതുതെരഞ്ഞെടുപ്പ് എന്നിവ നടപ്പാക്കും, ഇസ്രയേലിന്റെ നിലിൽപ്പിനെ ചോദ്യംചെയ്യില്ല എന്നീ ഉറപ്പുകളും പലസ്തീൻ അഥോറിറ്റി നല്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ പട്ടിണി മരണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഇസ്രേലിന്റെ മിത്രങ്ങളായ പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രരൂപവത്കരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടത്തുന്നത്. അതേസമയം, നിർണായക ശക്തിയായ അമേരിക്ക പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.