ബുച്ച് വിൽമർ വിരമിച്ചു
Thursday, August 7, 2025 11:03 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ വംശജയായ സുനിത വില്യംസിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ ഒന്പതു മാസം കുടുങ്ങിപ്പോയ നാസാ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമർ 62-ാം വയസിൽ വിരമിച്ചു. 25 വർഷത്തെ സേവനത്തിൽ വിൽമർ നല്കിയ സംഭാവനകൾക്കു നാസ നന്ദി അറിയിച്ചു.
യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്ന വിൽമർ 2000ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയാകുന്നത്. നാലു വ്യത്യസ്ത പേടകങ്ങളിൽ യാത്ര ചെയ്യുകയും 464 ദിവസം ബഹിരാകാശത്തു ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ജൂണിൽ സുനിത വില്യംസിനൊപ്പം ബഹിരാകാശ പേടകത്തിൽ കുടുങ്ങിയതോടെയാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
ബഹിരാകാശ യാത്രകൾക്കായി ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന്റെ പ്രഥമദൗത്യത്തിലെ യാത്രക്കാരായിരുന്നു വിൽമറും സുനിതയും. ബഹിരാകാശ സ്റ്റേഷനിൽ എട്ടു ദിവസം ചെലവഴിച്ചശേഷം മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, സ്റ്റാർലൈനർ പേടകത്തിനു സാങ്കേതിക തകരാറുണ്ടായി.
ഒന്പതു മാസം ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇരുവരും മാർച്ചിൽ സ്പേസ് എക്സ് കന്പനിയുടെ ഡ്രാഗൺ പേടകത്തിലാണു ഭൂമിയിൽ തിരിച്ചിറങ്ങിയത്.