എഫ്-35 യുദ്ധവിമാനം വേണ്ടെന്ന് സ്പെയിൻ
Wednesday, August 6, 2025 11:50 PM IST
മാഡ്രിഡ്: അമേരിക്കൻ നിർമിത എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങേണ്ടെന്നു സ്പാനിഷ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ വാങ്ങാൻ ബജറ്റിൽ വകയിരുത്തിയ പണം യൂറോപ്പിൽ ചെലവഴിക്കാനാണ് സ്പെയിനിന്റെ നീക്കം.
അമേരിക്കയിലെ ലോക്ഹീഡ് മാർട്ടിൻ കന്പനി നിർമിക്കുന്ന അത്യാധുനിക യുദ്ധവിമാനമായ എഫ്-35 വാങ്ങാനുള്ള നീക്കം ഇതിന്റെ ഭാഗമായി ഉപേക്ഷിച്ചു. ഫ്രഞ്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ കന്പനികൾ ചേർന്നു നിർമിക്കുന്ന യൂറോഫൈറ്റർ, ഫ്രഞ്ച്, സ്പാനിഷ് കന്പനികൾ വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനം എന്നിവയിലേതെങ്കിലുമൊന്നു വാങ്ങാനാണു സ്പെയിനിന്റെ തീരുമാനം.
സ്പെയിനിലെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായ പെദ്രോ സാഞ്ചസിന്റെ നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അസ്വസ്ഥനാക്കിയേക്കാം. നാറ്റോ വിഹിതത്തിന്റെ പേരിൽ സ്പെയിനിനെതിരേ തീരുവ വർധിപ്പിക്കുമെന്നു ട്രംപ് മുന്പ് ഭീഷണി മുഴക്കിയിരുന്നു.