യുവജന ജൂബിലിയാഘോഷം ഇന്നു സമാപിക്കും
Saturday, August 2, 2025 11:21 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഇന്നു സമാപിക്കും.
റോം നഗരത്തിന്റെ പ്രാന്തത്തിലുള്ള തോർ വെർഗാത്തയിൽ പ്രാദേശികസമയം ഇന്നു രാവിലെ ഒന്പതിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമിത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്കു പരിസമാപ്തി കുറിക്കുക.
തോർ വെർഗാത്തയിൽ ഇന്നലെ രാത്രി നടന്ന ജാഗരണ പ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കൾ മാർപാപ്പയുമായി സംവദിക്കുകയും ചെയ്തു.
കഴിഞ്ഞ 28ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് റോം നഗരത്തിലെ വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലുമായി നടന്നുവരുന്ന ആഘോഷപരിപാടികളിൽ 140ലേറെ രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷത്തിൽപ്പരം യുവതീയുവാക്കളാണു പങ്കെടുക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ യുവജനതീർഥാടകർക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കൽ, റോമിലെ ചിർക്കോ മാസിമൊ മൈതാനിയിൽ കുന്പസാരം, കുരിശിന്റെ വഴി, ദിവ്യകാരുണ്യ ആരാധന, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സംഗീതപരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു.