മാർപാപ്പ ഇന്ന് ആശുപത്രിവിടും
വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസിനു ചികിത്സ തേടുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നു റോമിലെ ജെമെല്ലി ആശുപത്രി വിടുമെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ഓശാന ഞായറിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും.
ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ നേരത്തേ അറിയിച്ചിരുന്നു. ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ച മാർപാപ്പയ്ക്ക് ആന്റിബയോട്ടിക്സ് അടക്കമുള്ള മരുന്നുകൾ നല്കുന്നുണ്ട്.
ആശുപത്രിയിൽ തന്നെ സഹായിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സുരക്ഷാ ഉദ്യോഗസ്ഥർ മുതലായവർക്കൊപ്പം പിസ കഴിച്ചു. മാർപാപ്പ ഇന്ന് വത്തിക്കാനിലെ താമസസ്ഥലമായ സാന്താ മാർത്ത ഹോമിലേക്കു മടങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ട്രംപിനെതിരേ ക്രിമിനൽ കേസ്
ന്യൂയോർക്ക്: അവിഹിതബന്ധം രഹസ്യമാക്കിവയ്ക്കാൻ നീലച്ചിത്രനടിക്കു പണം നല്കിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്തി വിചാരണ ചെയ്യും. ഫ്ലോറിഡയിലുള്ള ട്രംപ് ചൊവ്വാഴ്ച ന്യൂയോർക്ക് കോടതിയിൽ കീഴടങ്ങാൻ സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിൽ അധികാരമൊഴിഞ്ഞതോ ഭരണത്തിലിരിക്കുന്നതോ ആയ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത് ഇതാദ്യമാണ്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് ട്രംപുമായുള്ള അവിഹിതബന്ധം പരസ്യപ്പെടുത്തിയ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിനെ നിശബ്ദയാക്കാൻ ട്രംപിന്റെ അഭിഭാഷകൻ 1,30,000 ഡോളർ നല്കിയതുമായി ബന്ധപ്പെട്ടാണു കേസ്. പണം കൊടുത്തതിൽ നിയമപരമായി പ്രശ്നമില്ല. പക്ഷേ, വക്കീൽഫീസെന്ന ഇനത്തിലാണു ട്രംപ് തുക വകയിരുത്തിയത്. ഇത് ബിസിനസ് റിക്കാർഡുകളിൽ കള്ളത്തരം കാണിക്കലാണെന്നും ന്യൂയോർക്കിലെ നിയമമനുസരിച്ച് ക്രിമിനൽ കുറ്റമാണെന്നും ആരോപിക്കപ്പെടുന്നു.
ന്യൂയോർക്കിലെ മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ആണ് അന്വേഷണം നടത്തിയത്. ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ കോടതി ജൂറി കഴിഞ്ഞദിവസം അനുമതി നല്കിയതാണ് അറസ്റ്റിനു വഴിവച്ചത്.
ഡിസ്ട്രിക്ട് അറ്റോർണിയും ട്രംപിന്റെ അഭിഭാഷകരും തമ്മിലുള്ള ധാരണയനുസരിച്ചാണ് അദ്ദേഹം കോടതിയിൽ കീഴടങ്ങുന്നത്. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷക സൂസൻ നെഷ്ലെസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രംപ് തിങ്കളാഴ്ച ഫ്ലോറിഡയിൽനിന്നു ന്യൂയോർക്കിൽ വിമാനമിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസിലെ പ്രസിഡന്റുമാർക്കും മുൻ പ്രസിഡന്റുമാർക്കും സുരക്ഷ നല്കുന്ന സീക്രട്ട് സെർവീസിലെ ഏജന്റുമാർ ട്രംപിനൊപ്പമുണ്ടാകും. കോടതിയിൽ കുറ്റപത്രം വായിച്ചാൽ മാത്രമേ ട്രംപിനെതിരേ ചുമത്തുന്ന കുറ്റങ്ങളെക്കുറിച്ചു വ്യക്തത വരൂ. എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ ട്രംപിന്റെ വിരലടയാളവും ഫോട്ടോയും എടുക്കും. അദ്ദേഹത്തെ വിലങ്ങണിയിക്കാൻ സാധ്യതയില്ലെന്നാണു റിപ്പോർട്ട്.
തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും അന്വേഷണസംഘം പ്രസിഡന്റ് ജോ ബൈഡനു വേണ്ടി വൃത്തികെട്ട പണിയെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പ്രസിഡന്റ് ബൈഡൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, നിമയത്തിനു കീഴിൽ എല്ലാവരും തുല്യരാണെന്ന് ഭരണം നടത്തുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാക്കൾ പറഞ്ഞു.
അതേസമയം, അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് ഇപ്പോഴത്തെ അറസ്റ്റ് ഗുണം ചെയ്യുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിചാരണനേരിടുന്നതോ, ശിക്ഷിക്കപ്പെടുന്നതോ മൂലം ട്രംപിനു മത്സരിക്കാൻ വിലക്കുണ്ടാവില്ല. ട്രംപിനു പിന്തുണ നല്കുന്നതിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.
2017 മുതൽ 2021 വരെ ഭരിച്ച ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തേൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലും ക്യാപിറ്റോൾ കലാപത്തിലെ പങ്കിലും സർക്കാരിന്റെ രഹസ്യരേഖകൾ സൂക്ഷിച്ചുവെന്ന കേസിലും ട്രംപ് നിയമനടപടികൾ നേരിടുന്നുണ്ട്.
ട്രംപും സ്റ്റോമിയും തമ്മിൽ
ഡോണൾഡ് ട്രംപ് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവേയാണ് സ്റ്റോമി ഡാനിയൽസ് (യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്) രംഗത്തുവരുന്നത്. 2006ലെ ഗോൾഫ് ടൂർണമെന്റിനിടെ ഹോട്ടൽ മുറിയിൽ ഇരുവരും ബന്ധപ്പെട്ടുവെന്നാണ് അവർ പറഞ്ഞത്.
ഇക്കാര്യം പറയാതിരിക്കാൻ ട്രംപിന്റെ അഭിഭാഷകൻ മൈക്കിൾ കോഹൻ തനിക്ക് 1,30,000 ഡോളർ തന്നുവെന്ന് അവർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് വെളിപ്പെടുത്തി. തന്റെയും കുടുംബത്തിന്റെയും സുരക്ഷയോർത്താണു പണം സ്വീകരിച്ചത്. ശാരീരികമായും നിയമപരമായും തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് അഭിഭാഷകനു നല്കിയ പണമെന്ന നിലയിലാണ് ഇത് രേഖകളിൽ കാണിച്ചത്. സ്റ്റോമി ഡാനിയേലിനു പണം നല്കാൻ ആവശ്യപ്പെട്ടതു ട്രംപ് ആണെന്ന് അഭിഭാഷകൻ കോഹൻ പിന്നീട് സമ്മതിക്കുകയുണ്ടായി. ട്രംപിനെതിരേ ക്രിമിനൽ വിചാരണ നടത്താൻ തെളിവുണ്ടോയെന്നു കണ്ടെത്താനായി മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഈ വർഷമാദ്യം ഗ്രാൻഡ് ജൂറി രൂപീകരിച്ചു. ട്രംപിനെതിരേ കുറ്റം ചുമത്താനാണു വ്യാഴാഴ്ച ജൂറി വോട്ട് ചെയ്തത്.
<b>ട്രംപിനെ വിലങ്ങണിയിക്കുമോ?
മാധ്യമപ്രവർത്തകരുടെ മുന്നിലൂടെ ചോദ്യങ്ങൾ നേരിട്ട് കോടതിയിലേക്കു കയറേണ്ട ഗതികേട് ഡോണൾഡ് ട്രംപിന് ഉണ്ടാവില്ലെന്നാണു സൂചന. പ്രത്യേകവഴിയിലൂടെ കോടതിയിലെത്താൻ അദ്ദേഹത്തെ അനുവദിച്ചേക്കും.
എന്നാൽ കോടതിക്കുള്ളിലെത്തിയാൽ എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ ട്രംപിന്റെ വിരലടയാളവും ഫോട്ടോയും എടുക്കും. ട്രംപിനെ വിലങ്ങണിയിക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടേക്കും. കോടതി ആരംഭിച്ചാൽ വിചാരണക്കാലയളവും ജാമ്യവ്യവസ്ഥയും യാത്രാനിയന്ത്രണവും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. തടവുശിക്ഷയ്ക്കു പകരം പിഴയായിരിക്കും ട്രംപിനു വിധിക്കുകയെന്നു ചില നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
ഫിൻലൻഡിന്റെ നാറ്റോ അംഗത്വം തുർക്കി അംഗീകരിച്ചു
അങ്കാറ: റഷ്യയുമായി 1340 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡിന് നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നല്കുന്നതിനു തുർക്കി പാർലമെന്റ് അംഗീകാരം നല്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ മേയിലാണ് ഫിൻലൻഡ് അംഗത്വത്തിന് അപേക്ഷ നല്കിയത്.
എന്നാൽ, കുർദിഷ് തീവ്രവാദികൾക്കു പിന്തുണ നല്കുന്നു എന്നു പറഞ്ഞ് തുർക്കി തീരുമാനം വൈകിക്കുകയായിരുന്നു. നാറ്റോ ചട്ടം അനുസരിച്ച് പുതിയ അംഗങ്ങളെ ചേർക്കുന്നതിനു നിലവിലുള്ള എല്ലാ അംഗങ്ങളുടെയും സമ്മതം ആവശ്യമാണ്. ഫിൻലൻഡിനൊപ്പം സ്വീഡനും നാറ്റോയിൽ ചേരാൻ അപേക്ഷ നല്കിയിട്ടുണ്ട്. എന്നാൽ സ്വീഡന്റെ കാര്യത്തിൽ തുർക്കി അയഞ്ഞിട്ടില്ല.
കറാച്ചിയിൽ റംസാൻ ഭക്ഷണവിതരണ കേന്ദ്രത്തിൽ തിക്കും തിരക്കും; 11 മരണം
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ റംസാൻ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു.
രണ്ടു പേർ വൈദ്യുത വയറിൽ ചവിട്ടി മരിച്ചതിനെത്തുടർന്നു പരിഭ്രാന്തരായ ആൾക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലുമാണ് ഒന്പതുപേർകൂടി മരിച്ചത്. നിരവധി പേർ അഴുക്കുചാലിൽ വീണു. മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഏതാനും ദിവസം മുന്പ് പഞ്ചാബ് പ്രവിശ്യയിൽ ഗവൺമെന്റ് വിതരണ കേന്ദ്രങ്ങളിൽനിന്ന് സൗജന്യ ധാന്യ വിതരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു.
അജയ് ബംഗ എതിരില്ലാതെ ലോക ബാങ്ക് അധ്യക്ഷസ്ഥാനത്തേക്ക്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യവസായി അജയ് ബംഗ (63) ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. മറ്റാരും അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നില്ല. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.
ഫെബ്രുവരിയിൽ ലോ ക ബാങ്ക് അധ്യക്ഷസ്ഥാനത്തേക്ക് ബംഗയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തിരുന്നു.
മാസ്റ്റർകാർഡ് മുൻ തലവനായ ബംഗ നിലവിൽ ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനാണ്. ജൂണിൽ സ്ഥാനമൊഴിയുന്ന ഡേവിഡ് മാൽപാസിനു പകരമായാണ് അജയ് ബംഗ ലോക ബാങ്ക് പ്രസിഡന്റാകുന്നത്. 2016ൽ ഇന്ത്യ പദ്മശ്രീ നല്കി ബംഗയെ ആദരിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു
വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധ അണുബാധയെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. കുറച്ചുദിവസംകൂടി അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടിവരുമെന്നു വത്തിക്കാൻ അറിയിച്ചു.
ഓശാനഞായറിനു മുന്പായി മാർപാപ്പയ്ക്ക് ആശുപത്രിവിടാൻ കഴിയുമെന്നു നഴ്സുമാർ പറഞ്ഞതായി ഇറ്റലിയിലെ അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ ടെസ്റ്റുകളിൽ മാർപാപ്പയ്ക്ക് ന്യൂമോണിയയോ കോവിഡോ ഹൃദയരോഗങ്ങളോ ഇല്ലെന്നു വ്യക്തമായിട്ടുണ്ട്.
എൺപത്താറുകാരനായ ഫ്രാൻസിസ് മാർപാപ്പയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങളായി അദ്ദേഹം ശ്വാസതടസം നേരിട്ടിരുന്നു. ആശുപത്രിയിലെ ആദ്യദിനം ശാന്തമായിരുന്നുവെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. രാത്രി അദ്ദേഹം നന്നായി ഉറങ്ങി. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം പത്രം വായിച്ചു. തുടർന്ന് ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുകയും വിശുദ്ധകുർബാന സ്വീകരിക്കുകയും ചെയ്തു. അതേസമയം മാർപാപ്പ എന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹം വ്യക്കമാക്കിയില്ല.
മാർപാപ്പയ്ക്കു സൗഖ്യം നേർന്ന് ഒട്ടനവധിപ്പേരുടെ പ്രാർഥനാസന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം മാർപാപ്പാ നന്ദി അറിയിക്കുന്നതായി വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരടക്കം മാർപാപ്പയുടെ അടുത്ത ജോലിക്കാരെല്ലാം കഴിഞ്ഞദിവസം ജെമെല്ലി ആശുപത്രിയിലാണു ചെലവഴിച്ചത്. തിരക്കേറിയ പരിപാടികളാണ് ഈ മാസം മാർപാപ്പയ്ക്ക്. വരുന്നയാഴ്ചത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു പുറമേ മാസാവസാനം ഹംഗറി സന്ദർശനവും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
മാർപാപ്പയ്ക്കുവേണ്ടി എല്ലാവരും അധികസമയം പ്രാർഥിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുട്ടുവേദനമൂലം അദ്ദേഹം ഇടയ്ക്കിടെ വീൽചെയർ ഉപയോഗിക്കുന്നുണ്ട്. 2021ൽ ഉദരശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
അതേസമയം, എത്രതന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹം ഉത്തരവാദിത്വനിർവഹണത്തിൽനിന്നു മാറിനിൽക്കാറില്ല. ഫെബ്രുവരിയിലാണ് ആഫ്രിക്കയിലെ കോംഗോ, ദക്ഷിണസുഡാൻ രാജ്യങ്ങൾ സന്ദർശിച്ചത്.
യുഎസ് മാധ്യമപ്രവർത്തകൻ ചാരനെന്ന്; റഷ്യ അറസ്റ്റ് ചെയ്തു
മോസ്കോ: അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രത്തിന്റെ ലേഖകൻ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തിക്കുറ്റത്തിനു റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി അറസ്റ്റ് ചെയ്തു. മോസ്കോയിൽനിന്ന് 1800 കിലോമീറ്റർ അകലെ യെക്കാത്തെരീൻബെർഗിവച്ചായിരുന്നു അറസ്റ്റ്.
റഷ്യൻ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിപുണനായിരുന്ന ഗെർഷ്കോവിച്ച് അമേരിക്കയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചിരുന്നതെന്ന് എഫ്എസ്ബി പറഞ്ഞു. റഷ്യൻ പ്രതിരോധവൃത്തങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുതിയോടെയാണ് ഇദ്ദേഹം യെക്കാത്തെരീൻബെർഗിൽ പ്രവർത്തിച്ചിരുന്നതെന്നു സമ്മതിച്ചിട്ടുണ്ട്.
ആരോപണങ്ങൾ വാൾ സ്ട്രീറ്റ് ജേർണൽ നിഷേധിച്ചു. ഗെർഷ്കോവിച്ചിന്റെ സുരക്ഷയിൽ അതീവ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഷെയ്ഖ് ഖാലിദ് അബുദാബി കിരീടാവകാശി
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ തന്റെ കിരീടാവകാശിയായി മൂത്ത മകൻ ഷെയ്ഖ് ഖാലിദിനെ നിയമിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ സഹോദരനും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ ഉടമസ്ഥനുമായ ഷെയ്ഖ് മൻസൂറിനെ യുഎഇ സഹ വൈസ് പ്രസിഡന്റായും നിയമിച്ചു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നിലവിൽ വൈസ് പ്രസിഡന്റാണ്. പ്രസിഡന്റിന്റെ സഹോദരങ്ങളായ ഷെയ്ഖ് തഹ്നൂണിനെ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഷയ്ഖ് ഹസ്സായെ അബുദാബി ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം അധികാരമേറ്റ ഷെയ്ഖ് മുഹമ്മദ് ഈ നടപടികളിലൂടെ യുഎഇ ഭരണത്തിൽ സന്പൂർണപിടിമുറുക്കലാണു നടത്തിയിരിക്കുന്നത്.
കപ്പലിനു തീപിടിച്ച് 31 പേർ മരിച്ചു
മനില: ഫിലിപ്പീൻസിൽ യാത്രാക്കപ്പലിലുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചു. മിണ്ടനാവോ ദ്വീപിലെ സാംബോംഗ നഗരത്തിൽനിന്നു ജോലോ ദ്വീപിലേക്കു പോയ ‘ലേഡി മേരി ജോയ് 3’ എന്ന കപ്പലിലാണു ബുധനാഴ്ച രാത്രി ദുരന്തമുണ്ടായത്. 230 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു.
കപ്പലിലെ എയർകണ്ടീഷൻ കാബിനിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന്റെ കാരണം വ്യക്തമല്ല. കപ്പലിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിനു കൃത്യമായ കണക്കില്ല.
തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായി ലൈഫ് ജാക്കറ്റില്ലാതെ കടലിലേക്കു ചാടിയവരിൽ കുറച്ചുപേർ മരിച്ചു. ഏതാനും പേരുടെ മൃതദേഹങ്ങൾ കാബിനുകളിൽനിന്നു കണ്ടെടുത്തു.
വന്പൻ സമ്മാനങ്ങളുമായി ക്വിസ് മത്സരം
ലണ്ടൻ: വന്പൻ സമ്മാനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം നടത്തും. ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും മൂന്നാം സമ്മാനമായി ആയിരം പൗണ്ടും നൽകും.
ഇടവക, റീജൺ, രൂപത തലങ്ങളിൽ മത്സരമുണ്ടാകും. നവംബർ 25ന് ഫൈനൽ നടക്കും. രൂപത ബുള്ളറ്റിനായ ദനഹയിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം. വിശ്വാസികൾ ആരാധനക്രമത്തെക്കുറിച്ചു കൂടുതൽ അറിയുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ബൈഡന്റെ ഉപദേശം തള്ളി നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിലുടനീളം പ്രതിഷേധത്തിനു വഴിവച്ച ജുഡീഷറി പരിഷ്കരണ നടപടികളിൽനിന്നു പിന്മാറണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശം തള്ളി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
“ഇസ്രയേലിന്റെ കാര്യം നോക്കാൻ ഇസ്രയേലിനറിയാം” എന്നായിരുന്നു കടുത്ത ഭാഷയിൽ നെതന്യാഹുവിന്റെ പ്രതികരണം. അടുത്ത സുഹൃത്തക്കളായ യുഎസിന്റെയും അമേരിക്കയുടെയും നേതാക്കൾ തമ്മിൽ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ബൈഡൻ ഇസ്രേലി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. ഇസ്രയേലിനെ താറുമാറാക്കുന്ന നടപടികൾ തുടരാൻ അവിടുത്തെ സർക്കാരിനു കഴിയില്ലെന്നും നെതന്യാഹു പിന്തിരിയുമെന്നു കരുതുന്നതായും ബൈഡൻ പറഞ്ഞു. നെതന്യാഹുവിനെ ഉടൻ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനു സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാനറിയാമെന്നും അടുത്ത സുഹൃത്തക്കളാണെങ്കിൽ പോലും ബാഹ്യസമ്മർദത്തിനു വഴങ്ങില്ലെന്നും നെതന്യാഹു ട്വിറ്ററിൽ പ്രതികരിച്ചു. ഇസ്രയേൽ അമേരിക്കൻ സംസ്ഥാനമല്ലെന്നാണു നെത്യാഹുവിന്റെ അടുത്ത സുഹൃത്തും ആഭ്യന്തര മന്ത്രിയുമായ ഇത്മാർ ബെൻ ഗവിർ പറഞ്ഞത്. സുഹൃത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി യൊവാവ് കിസ്ച്ചും പറഞ്ഞു.
അതേസമയം, നെതന്യാഹുവിന്റെ എതിരാളികൾ ബൈഡനു പിന്തുണയുമായി ടെൽ അവീവിലെ അമേരിക്കൻ എംബസിക്കു മുന്നിൽ പ്രകടനം നടത്തി.
ജുഡീഷറി പരിഷ്കരണങ്ങൾ നിർത്തിവയ്ക്കുന്നതായി നെതന്യാഹു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ അത്യുഗ്രൻ പ്രകടനങ്ങൾക്കു രാജ്യം വേദിയായ പശ്ചാത്തലത്തിലായിരുന്നിത്.
ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് അധികാരം നല്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണു നെതന്യാഹുവിന്റെ ശ്രമം. കോടതി അമിത അധികാരം പ്രയോഗിക്കുന്നതിനു തടയിടാൻ ഇതു വേണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വിചാരണ നടക്കുന്ന അഴിമതിക്കേസുകളിൽ നിന്നു രക്ഷപ്പെടാനാണു നെതന്യാഹുവിന്റെ ശ്രമമമെന്ന് അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.
മൊസൂളിലെ സന്യാസാശ്രമത്തിൽ 20 വർഷത്തിനുശേഷം കുർബാന
ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിൽ സ്ഥിതിചെയ്യുന്ന സെന്റ് മൈക്കിൾ സന്യാസാശ്രമത്തിൽ ഇരുപതു വർഷത്തിനുശേഷം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. മൊസൂൾ-ആക്ര കൽദായ അതിരൂപതയുടെ ആർച്ച്ബിഷപ് നജീബ് മിഖായേൽ മൂസയാണു ഞായറാഴ്ച തിരുക്കർമങ്ങൾക്കു നേതൃത്വം നല്കിയത്.
ഒരിക്കൽ ധാരാളം ക്രൈസ്തവരും പള്ളികളുമുണ്ടായിരുന്ന സ്ഥലമാണ് മൊസൂൾ. 2003ലെ അമേരിക്കൻ അധിനിവേശത്തിനു പിന്നാലെ ക്രൈസ്തവർ അക്രമങ്ങൾക്കിരയാകാൻ തുടങ്ങി. 2014ൽ മൊസൂൾ പിടിച്ചെടുത്ത ഇസ്ലാമിക്സ്റ്റേറ്റ് ഭീകരർ പള്ളികളും ക്രൈസ്തവരുടെ ഭവനങ്ങളും നശിപ്പിക്കാൻ തുടങ്ങി.
2017ൽ ഭീകരരെ അമർച്ച ചെയ്തെങ്കിലും മൊസൂളിൽനിന്നു പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിയെത്താൻ മടിച്ചു. ഒരിക്കൽ അന്പതിനായിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്നിടത്ത് ഇന്ന് അന്പതോളം കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മൊസൂളിലെ തകർക്കപ്പെട്ട പള്ളികൾ പുനരുദ്ധരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയും യുഎഇയും സഹായിക്കുന്നുണ്ട്. 2021 മാർച്ചിൽ ഇറാക്ക് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ മൊസൂളിലുമെത്തിയിരുന്നു.
നിർമിതബുദ്ധി 30 കോടി തൊഴിലുകൾ ഇല്ലാതാക്കുമെന്ന്
ലണ്ടൻ: നിർമിതബുദ്ധിയുടെ വളർച്ച 30 കോടി തൊഴിലുകൾ ഇല്ലാതാക്കാമെന്നു പ്രമുഖ അമേരിക്കൻ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ പഠനറിപ്പോർട്ട്. അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലുകളിൽ കാൽഭാഗവും ഭാവിയിൽ നിർമിതബുദ്ധി കൈകാര്യം ചെയ്തേക്കാം.
അതേസമയം ഉത്പാദനം വലിയതോതിൽ വർധിക്കാനും അതിന്റെ അനന്തരഫലമായി ആഗോള ജിഡിപി ഏഴു ശതമാനം ഉയരാനും നിർമിതബുദ്ധി കാരണമാകാം.
വിവിധ തൊഴിൽമേഖലകളിലുണ്ടാകുന്ന പ്രത്യാഘാതം വ്യത്യസ്തമായിരിക്കും. അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ 46ഉം നിയമമേഖലയിൽ 44ഉം ശതമാനം തൊഴിലുകൾ നിർമിതബുദ്ധി ഏറ്റെടുത്തേക്കാം. നിർമാണം, അറ്റകുറ്റപ്പണി മേഖലകളിൽ യഥാക്രമം ആറ്, നാല് ശതമാനം തൊഴിൽനഷ്ടമേ ഉണ്ടാകൂ.
മാധ്യമപ്രവർത്തനം അടക്കമുള്ള മേഖലകളിൽ വേതനം കുറയുന്നതിന് ഇടയാകാം. ഇപ്പോൾത്തന്നെ ചാറ്റ്ജിപിടിയുടെ സഹായത്താൽ, എഴുതാൻ കഴിവുകുറഞ്ഞയാൾക്കു മികച്ച ലേഖനങ്ങൾ തയാറാക്കാനാകും.
ഷാങ്ഹായ് സഹകരണ സമിതിയിലേക്ക് സൗദിയും
റിയാദ്: ചൈനയുമായി അടുപ്പം വർധിപ്പിക്കുന്ന സൗദി അറേബ്യ, ഷാങ്ഹായ് സഹകരണസമിതി(എസ്സിഒ)യിൽ അംഗത്വമെടുക്കുന്നു. ഇതിന്റെ തുടക്കമായി എസ്സിഒയിൽ ചർച്ചാ പങ്കാളിയാകാനുള്ള തീരുമാനത്തിനു സൗദി പാർലമെന്റ് ഇന്നലെ അംഗീകാരം നല്കി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഡിസംബറിൽ നടത്തിയ സൗദി സന്ദർശനത്തിലെ ചർച്ചകളാണ് ഇതോടെ ഫലം കാണുന്നത്.
രാഷ്ട്രീയ, സാന്പത്തിക, സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ചൈനയും റഷ്യയും മുൻ സോവ്യറ്റ് രാജ്യങ്ങളും ചേർന്നു 2001ൽ രൂപീകരിച്ച സംഘടനയാണിത്. ഇന്ത്യക്കും പാക്കിസ്ഥാനും പിന്നീട് അംഗത്വം ലഭിച്ചു. ഇറാൻ വൈകാതെ പൂർണാംഗമായി മാറും.
പശ്ചിമേഷ്യയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതിൽ സൗദിയുടെ സുഹൃത്തായ അമേരിക്കയ്ക്കു വലിയ ആശങ്കയുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ അടുത്തിടെ, പരന്പരാഗത വൈരികളായ സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. സൗദി സർക്കാരിന്റെ കീഴിലുള്ള ആരാംകോ എണ്ണക്കന്പനി ചൈനയിൽ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുകയാണ്.
കാലാവസ്ഥാ വ്യതിയാനം മനുഷ്യാവകാശലംഘനം; ഹർജിയുമായി വയോധികമാർ
റോം: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനു നടപടികളെടുക്കാൻ സ്വിസ് സർക്കാരിനു നിർദേശം നല്കണമെന്നാവശ്യപ്പെട്ട് രണ്ടായിരത്തിലധികം സ്വിസ് വയോധികമാർ യൂറോപ്യൻ മനുഷ്യാവകാശ കോടതി(ഇസിഎച്ച്ആർ)യെ സമീപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ തങ്ങളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നു എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെടുത്തുന്ന ഒരു കേസ് ഇസിഎച്ച്ആർ പരിഗണിക്കുന്നത് ഇതാദ്യമാണ്.
ക്ലബ് ഓഫ് ക്ലൈമറ്റ് സീനിയേഴ്സ് എന്ന സംഘടനയിലെ അംഗങ്ങളാണ്, തങ്ങളുടെ മെഡിക്കൽ റിക്കാർഡുകൾ തെളിവുകളായി നല്കി കോടതിയെ സമീപിച്ചിരിക്കുന്നത്. ശരാശരി 73 വയസ് പ്രായമുള്ള ഇവർ ആറു വർഷത്തോളം സ്വിസ് കോടതികളിൽ കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം സ്വിറ്റ്സർലൻഡിൽ താപനില ഉയർന്നതും ഉഷ്ണതരംഗങ്ങൾ വർധിച്ചതും വയോധികരുടെ ആരോഗ്യം മോശമാക്കുകയും മരണനിരക്ക് ഉയർത്തുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിക്കുന്നത്. കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ സ്വിസ് സർക്കാരിനു കോടതി നിർദേശം നല്കണമെന്നും ആവശ്യപ്പെട്ടുന്നു.
മോസ്കോ: പുതുതായി വികസിപ്പിച്ച യാർസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം ഉപയോഗിച്ച് റഷ്യൻ പട്ടാളം അഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചു.
മൂവായിരം സൈനികരും മുന്നൂറിലധികം ഉപകരണങ്ങളും പങ്കെടുക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ മൂന്നു മേഖലകളിലാണ് അഭ്യാസങ്ങൾ.
റഷ്യയിൽ നിലവിലുള്ള ടോപ്പോൾ ബാലിസ്റ്റിക് മിസൈൽ സംവിധാനത്തിനു പകരം വികസിപ്പിച്ചതാണ് യാർസ്. 12,000 കിലോമീറ്റർ ദൂരപരധിയുള്ള മിസൈലുകൾക്ക് ഒന്നിലധികം ആണവപോർമുന വഹിക്കാൻ കഴിയും.
ഇമ്രാൻ ഖാന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ഇസ്ലാമാബാദ്: വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ ഇസ്ലാമാബാദ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇമ്രാനെ ഏപ്രിൽ 18നു മുന്പ് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.
ഓഗസ്റ്റിൽ നടത്തിയ പ്രസംഗത്തിൽ ഇസ്ലാമാബാദ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സേബാ ചൗധരിക്കും പോലീസിനും എതിരേ ഭീഷണി മുഴക്കിയെന്നതാണു കേസിനാധാരം.
ഇമ്രാനെതിരേ മുന്പും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും 24ന് ജാമ്യമെടുക്കാൻ കോടതി അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ കോടതിയിൽ ഹാജരാകണമെന്ന നിർദേശം ഇമ്രാൻ പാലിച്ചില്ല.
തൊഷാഖാന അഴിമതി കേസിലെ ജാമ്യമില്ലാ വാറന്റ് പ്രകാരം ഇസ്ലാമാബാദ് കോടതി നേരത്തേ ഇമ്രാനെ ലാഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമങ്ങൾ വലിയ സംഘർഷത്തിലാണു കലാശിച്ചത്.
മെക്സിക്കോയിൽ തീപിടിത്തം; 40 പേർ മരിച്ചു
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാർ താമസിച്ചിരുന്ന ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു. 28 പേർക്കു പരിക്കേറ്റു. അമേരിക്കൻ അതിർത്തിയിലെ സിയുദാദ് ഹോറസിലാണ് തിങ്കളാഴ്ച രാത്രി അപകടമുണ്ടായത്.
പരിക്കേറ്റവരെ നാല് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെനസ്വേലയിൽനിന്നുള്ള രാണ് അപകടത്തിൽപ്പെട്ടവരിലേറെയും. അടുത്തകാലത്ത് കുടിയേറ്റക്കാരുടെ വാസസ്ഥലത്തുണ്ടായ ഏറ്റവും വലിയ അപകടമാണിത്.
അമേരിക്കയിലേക്കു കുടിയേറാനെത്തിയവരുടെ താവളമാണ് സിയുഡാഡ് ഹോറസ്. ഇവിടെ കുടിയേറ്റക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ഫിലിപ്പീൻസിൽ മൂന്ന് ഖലിസ്ഥാൻ വാദികൾ അറസ്റ്റിൽ
മനില: ഇന്റർപോൾ ലിസ്റ്റിൽ ഉൾപ്പെട്ട ഖലിസ്ഥാൻവാദികളായ മൂന്നു സിക്കുകാരെ ഫിലിപ്പീൻസ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാരായ മൻപ്രീത് സിംഗ് (23), അമൃത്പാൽ സിംഗ് (24), അർഷദീപ് സിംഗ് (26)എന്നിവരാണു പിടിയിലാണ്.
ഡോൺ നഗരത്തിലെ അപ്പാർട്ട്മെന്റിലേക്ക് സേനാംഗങ്ങൾ ഇരച്ചുകയറി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനുവേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു മൂവരും. വ്യാജ പാസ്പോർട്ടിലാണ് ഇവർ ഫിലിപ്പീൻസിലെത്തിയത്.
കാനഡയിൽ വീണ്ടും ഗാന്ധിപ്രതിമ തകർത്തു
ടൊറന്റോ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സിമോൺ ഫ്രേസർ യൂണിവേഴ്സിറ്റിയിലെ ബർണാബേ കാന്പസിൽ പീസ് സ്ക്വയറിലുള്ള ഗാന്ധിജിയുടെ പ്രതിമയാണു തകർക്കപ്പെട്ടത്.
ഗാന്ധിജിയുടെ പ്രതിമ തകർത്ത നീചമായ കുറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വാൻകൂവറിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.
മാർച്ച് 23ന് ഒന്റാറിയോ പ്രവിശ്യയിൽ ഹമിൽട്ടണിൽ സിറ്റി ഹാളിനുമുന്നിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ വിരൂപമാക്കിയിരുന്നു. ഖലിസ്ഥാൻ വാദികളുടെ ഇന്ത്യാവിരുദ്ധ സമരങ്ങളിൽ നിരവധി ക്ഷേത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ റിച്ച്മോണ്ട് ഹില്ലിൽ വിഷ്ണു ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമ അജ്ഞാതർ അടിച്ചു തകർത്തിരുന്നു.
പോർച്ചുഗലിൽ മുസ്ലിം സെന്ററിൽ കത്തിയാക്രമണം; രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു
ലിസ്ബൺ: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഇസ്മയിലി മുസ്ലിം സെന്ററിൽ രണ്ടു സ്ത്രീകൾ കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ വലിയ കത്തിയുമായെത്തിയ അക്രമി തലങ്ങും വിലങ്ങും ആളുകളെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് വെടിവച്ചു പിടികൂടി.
ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നു പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. ഷിയാ മുസ്ലിംകളിൽനിന്നു വേർപെട്ട വിഭാഗമാണ് ഇസ്മയിലികൾ എന്നറിയപ്പെടുന്നത്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിൽ ഇസ്മയിലികൾ വസിക്കുന്നുണ്ട്.
സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് തീപിടിച്ച് 20 മരണം
റിയാദ്: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 20 പേർ മരിച്ചു. പാലത്തിൽ ഇടിച്ചുമറിഞ്ഞ ബസിനു തീപിടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണു പ്രാഥമിക നിഗമനം. 29 പേർക്കു പരിക്കേറ്റു. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിനു പുറപ്പെട്ടവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്.
അമൃത്പാൽ സിംഗ് നേപ്പാളിലേക്കു കടന്നുവെന്ന് സംശയം
കാഠ്മണ്ഡു: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗ് നേപ്പാളിലേക്കു കടന്നതായി സൂചന.
അമൃത്പാലിന് അഭയം നൽകരുതെന്നും മറ്റൊരു രാജ്യത്തേക്കു കടക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും നേപ്പാൾ സർക്കാരിനോട് കേന്ദ്രം അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്.
നേപ്പാൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഏജൻസികൾക്കു നിർദേശവും നൽകി. അതേസമയം അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
അമൃത്പാൽ സിംഗിനെയും സംഘത്തെയും അമർച്ച ചെയ്യാൻ പഞ്ചാബ് പോലീസ് ശ്രമം തുടങ്ങിയതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.
അമേരിക്കയിൽ സ്കൂളിൽ വെടിവയ്പ്: മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു
നാഷ്വിൽ(അമേരിക്ക): അമേരിക്കൻ സംസ്ഥാനമായ ടെന്നിസിയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്നു വിദ്യാർഥികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടു.
ടെന്നിസിയുടെ തലസ്ഥാനമായ നാഷ്വിൽ നഗരത്തിലെ കവനന്റ് സ്കൂളിലാണു പ്രാദേശികസമയം ഇന്നലെ രാവിലെ വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രീസ്കൂൾ മുതൽ ആറാം ഗ്രേഡ് വരെയുള്ള സ്കൂളാണിത്.
ഇസ്രയേലിൽ നെതന്യാഹു പ്രതിസന്ധിയിൽ
ടെൽ അവീവ്: ജഡ്ജിമാരുടെ നിയമനം സർക്കാർ നിയന്ത്രണത്തിലാക്കുന്നതടക്കമുള്ള ജുഡീഷറി പരിഷ്കരണ നീക്കങ്ങളിൽ ജനകീയ പ്രതിഷേധം ശക്തമായതോടെ ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ നില പരുങ്ങലിലെന്നു റിപ്പോർട്ട്.
പരിഷ്കരണത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനെ നെതന്യാഹു ഞായാറാഴ്ച പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുടനീളം ജനങ്ങൾ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങൾ ഇന്നലെയും ശമിച്ചില്ല.
നെതന്യാഹുവിന്റെ ജറൂസലെമിലെ ഭവനത്തിനു മുന്നിൽ പ്രകടനം നടത്തിയവർക്കു നേർക്ക് സുരക്ഷാ ഭടന്മാർ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ട്രേഡ് യൂണിയനുകൾ മിന്നൽ പണിമുടക്കു പ്രഖ്യാപിച്ചതോടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്തംഭിച്ചു. പരിഷ്കരണനീക്കം നിർത്തിവയ്ക്കാൻ നെതന്യാഹു തയാറാകണമെന്ന് ആവശ്യപ്പെടുന്നവരിൽ പ്രസിഡന്റ് ഐസക് ഹെർസോഗും ഉൾപ്പെടുന്നു.
സുപ്രീംകോടതി തീരുമാനങ്ങൾ തള്ളാനുള്ള അധികാരം പാർലമെന്റ് അഥോറിറ്റിക്കു നല്കുക, പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുക തുടങ്ങിയ പരിഷ്കരണങ്ങൾ നടപ്പിലാക്കാനാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. കോടതിയുടെ അനാവശ്യ കൈകടത്തലുകൾ അവസാനിപ്പിക്കാൻ ഇതാവശ്യമാണെന്ന് നെതന്യാഹു പറയുന്നു. എന്നാൽ ഒട്ടനവധി അഴിമതിക്കേസുകളിൽ പ്രതിയായ നെതന്യാഹു സ്വന്തം നില സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.
ജനുവരി മുതൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് പരിഷ്കരണ നീക്കങ്ങളുമായി മുന്നോട്ടു പോകാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ജനങ്ങൾക്കു പുറമേ, സൈന്യവും പരിഷ്കരണങ്ങളെ എതിർക്കുന്നതയാണ് റിപ്പോർട്ട്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര ജുഡീഷറി അനിവാര്യഘടകമാണെന്നാണ് സൈന്യത്തിന്റെ നിലപാട്.
ഇതിനിടെയാണ് ഞായറാഴ്ച ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പ്രധാനമന്ത്രിക്കെതിരേ രംഗത്തുവന്നത്. ജുഡീഷറി പരിഷ്കരണത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ട യൊവാവിനെ നെതന്യാഹു വിളിച്ചുവരുത്തി പദവിയിൽനിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് ‘രാജ്യസുരക്ഷയാണു തനിക്കു പ്രധാനം’ എന്നു ട്വീറ്റ് ചെയ്ത യൊവാവിനെ പിന്തുണച്ച് ഇസ്രയേലിലുടനീളം ജനം തെരുവിലിറങ്ങി.
ട്രേഡ് യൂണിയനുകളുടെ പണിമുടക്കിൽ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. ഹൈഫ, അഷ്ദോദ് തുറമുഖങ്ങളുടെ പ്രവർത്തനവും നിലച്ചു.
ഭക്ഷ്യവിതരണ ശൃംഖലയായ മക്ഡൊണാൾഡ് അടക്കമുള്ളവർ പണിമുടക്കിനോടു സഹകരിക്കുന്നുണ്ട്.
ജനങ്ങളിൽനിന്നും പ്രതിപക്ഷത്തുനിന്നും സമ്മർദം ശക്തമെങ്കിലും ജുഡീഷറി പരിഷ്കണത്തിൽനിന്നു നെതന്യാഹു പിന്നോട്ടു പോകുമോയെന്നതിൽ വ്യക്തതയില്ല. ഭരണസഖ്യത്തിലെ ചില അതിതീവ്ര നിലപാടുകാർ പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്നാണ് ആവശ്യപ്പെടുന്നത്.
സ്കോട്ലൻഡിനെ നയിക്കാൻ പാക് വംശജൻ ഹംസ യൂസഫ്
ഗ്ലാസ്ഗോ: ബ്രിട്ടന്റെ ഭാഗമായ സ്കോട്ലൻഡിന്റെ ഭരണസാരഥ്യം പാക്കിസ്ഥാൻ വംശജനായ ഹംസ യൂസഫിന്. ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) നേതൃസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഹംസ ജയിച്ചു.
പാർലമെന്റിലെ വോട്ടെടുപ്പിൽകൂടി ജയിക്കുന്നതോടെ അദ്ദേഹം സ്കോട്ലൻഡിന്റെ പ്രഥമമന്ത്രി (ഫസ്റ്റ് മനിസ്റ്റർ) ആയി ചുമതലയേൽക്കും.
ആദ്യമായാണ് ഏഷ്യയിൽനിന്നുള്ള ന്യൂനപക്ഷ വംശജൻ സ്കോട്ലൻഡിൽ ഭരണാധികാരിയാകുന്നത്. 37 വയസ് മാത്രമുള്ള അദ്ദേഹം ബ്രിട്ടനിലെ പ്രധാന പാർട്ടിയുടെ അധ്യക്ഷപദവയിലെത്തുന്ന ആദ്യ മുസ്ലിമെന്ന റിക്കാർഡും സ്വന്തമാക്കി.
അറുപതുകളിൽ പാക്കിസ്ഥാനിൽനിന്നു കുടിയേറിയവരുടെ പിന്മുറക്കാരനായ ഹംസ നിലവിൽ സ്കോട്ലൻഡിലെ ആരോഗ്യമന്ത്രിയാണ്. മുന്പ് നിയമമന്ത്രിപദവും വഹിച്ചിട്ടുണ്ട്.
എട്ടു വർഷം ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന നിക്കോളാ സ്റ്റർജൻ കഴിഞ്ഞമാസം അപ്രതീക്ഷിതമായി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ നേതാവിനെ കണ്ടെത്തേണ്ടിവന്നത്. പാർട്ടിയിൽ നടന്ന തെരഞ്ഞെടുപ്പിൽ കേറ്റ് ഫോബ്സ്, ആഷ് റീഗൻ എന്നീ എതിരാളികളെയാണ് ഹംസ തോൽപ്പിച്ചത്.
ജാക് മാ വീണ്ടും പൊതുവേദിയിൽ
ബെയ്ജിംഗ്: ഓൺലൈൻ വാണിജ്യ വെബ്സൈറ്റായ ആലിബാബയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക് മാ വീണ്ടും ചൈനയിൽ പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടു. മൂന്നു വർഷം മുന്പ് ചൈനയിലെ സാന്പത്തിക നിയന്ത്രണങ്ങളെ വിമർശിച്ചതിനു പിന്നാലെ അദ്ദേഹം എതാണ്ട് അജ്ഞാതവാസത്തിലായിരുന്നു.
ആലിബാബയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഹാംഗ്ഷൗ നഗരത്തിലെ ഒരു സ്കൂൾ ജാക് മാ കഴിഞ്ഞദിവസം സന്ദർശിച്ചു. മുൻ അധ്യാപകൻകൂടിയായ അദ്ദേഹം കുട്ടികളുമായും അധ്യാപകരുമായും സംസാരിച്ചു.
2020 ഒക്ടോബറിൽ ഒരു സാന്പത്തികാര്യ ഉച്ചകോടിയിൽവച്ചാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ സാന്പത്തിക നിയന്ത്രണങ്ങൾക്കെതിരേ ജാക് മാ വിരൽചൂണ്ടിയത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഓഹരി ഇഷ്യൂ ചൈനീസ് സർക്കാർ റദ്ദാക്കി.
ജാക് മായെ വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുകൾ വന്നു. ചൈനയ്ക്കു പുറത്തുകടന്ന ജാക് മാ സ്പെയിൻ, നെതർലൻഡ്സ്, തായ്ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണുള്ളതെന്ന് അഭ്യൂഹങ്ങളും പരന്നു. കുറച്ചുനാളായി ജാക് മാ ടോക്കിയോയിലാണുള്ളതെന്ന് കഴിഞ്ഞമാസം റിപ്പോർട്ട് വന്നിരുന്നു.
പണിമുടക്ക്; ജർമനിയിൽ പൊതുഗതാഗതം സ്തംഭിച്ചു
ബെർലിൻ: തൊഴിലാളിസമരം മൂലം ജർമനിയിൽ പൊതുഗതാഗതം സ്തംഭിച്ചു. വിമാനത്താവളം, തുറമുഖം, റെയിൽവേ, ബസ് ജീവനക്കാർ 24 മണിക്കൂർ പണിമുടക്കാണ് നടത്തിയത്.
നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ വേതനത്തിൽ 10.5 ശതമാനം വർധന വേണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
ഏഴു സംസ്ഥാനങ്ങളിൽ ബസുകളും ട്രാമുകളും പൂർണമായി നിലച്ചു. മ്യൂണിക്, ഫ്രാങ്ക്ഫർട്ട് വിമാനത്തവളങ്ങളിലെ സർവീസുകൾ റദ്ദാക്കപ്പെട്ടു.
3.8 ലക്ഷം വിമാനയാത്രക്കാരെ പണമുടക്ക് ബാധിച്ചതായി വിമാനത്താള അസോസിയേഷൻ പറഞ്ഞു.
ബെലാറൂസിൽ അണ്വായുധം വിന്യസിക്കുന്നതിൽനിന്നു പിന്നോട്ടില്ല: റഷ്യ
മോസ്കോ: ബെലാറൂസിൽ അണ്വായുധം വിന്യസിക്കാനുള്ള പദ്ധതിയിൽനിന്ന് റഷ്യ പിന്നോട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുക്രെയ്നുമായും നാറ്റോ രാജ്യങ്ങളുമായും അതിർത്തിയുള്ള ബെലാറൂസിൽ അണ്വായുധം വിന്യസിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞദിവസം അറിയിച്ചത്. യൂറോപ്യൻ യൂണിയനും നാറ്റോയും ഇതിനെതിരേ രംഗത്തുവരികയും റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുചേർക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്നും പറഞ്ഞു.
എന്നാൽ, ഇത്തരം നടപടികൾ റഷ്യയെ പിന്തിരിപ്പിക്കില്ലെന്നാണ് ക്രെംലിൻ വക്താവ് പറഞ്ഞത്.
കാബൂളിൽ സ്ഫോടനം; ആറു മരണം
കാബൂൾ: അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിനു സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കാബൂളിലെ മന്ത്രാലയത്തിനടുത്തുള്ള ചെക്പോസ്റ്റിൽവച്ച് സുരക്ഷാഭടന്മാർ ചാവേറിനെ തിരിച്ചറിഞ്ഞെങ്കിലും തടയാൻ കഴിഞ്ഞില്ല. മരിച്ചവർ സിവിലിയന്മാരാണ്.
ബെലാറൂസിൽ അണ്വായുധം വിന്യസിക്കും: പുടിൻ
മോസ്കോ: യുക്രെയ്നുമായി നീണ്ട അതിർത്തിയുള്ള ബെലാറൂസിൽ അണ്വായുധം വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ആണവ നിരായുധീകരണ കരാറുകളുടെ ലംഘനമല്ല ഈ നടപടിയെന്നും ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആണവശക്തികൾ അണ്വായുധങ്ങൾ രാജ്യത്തിനു പുറത്തു വിന്യസിക്കരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മോസ്കോ സന്ദർശനത്തിനിടെ സംയുക്ത പ്രസ്താവന ഇറക്കി ദിവസങ്ങൾക്കകമാണു പുടിന്റെ തീരുമാനം.
യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ കഴിയുന്ന തീവ്രത കുറഞ്ഞ ടാക്ടിക്കൽ ഇനത്തിൽപ്പെട്ട അണ്വായുധങ്ങളായിരിക്കും ബെലാറൂസിൽ എത്തിക്കുകയെന്നാണു പുടിൻ പറഞ്ഞിരിക്കുന്നത്. ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കായിരിക്കും.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ വ്ലാദിമിർ പുടിന്റെ വിശ്വസ്തനാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശക്തമായ പിന്തുണ അദ്ദേഹം നല്കുന്നുണ്ട്. നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ രാജ്യങ്ങളുമായും ബെലാറൂസിന് അതിർത്തിയുണ്ട്.
ബെലാറൂസിൽ അണ്വായുധം വിന്യസിക്കുന്ന കാര്യം ലൂക്കാഷെങ്കോ പലവട്ടം തന്നോടു ചർച്ച ചെയ്തിട്ടുള്ളതാണെന്നു പുടിൻ പറഞ്ഞു. ഇതിൽ അസാധാരണമായി ഒന്നുമില്ല. സുഹൃദ് രാജ്യങ്ങളിൽ അണ്വായുധം വിന്യസിക്കുന്ന നടപടി അമേരിക്ക പതിറ്റാണ്ടുകളായി തുടരുന്നതാണ്.
ബെലാറൂസിലെ അണ്വായുധങ്ങൾ പ്രവർത്തിപ്പിക്കാനായി സൈനികർക്ക് വരുംദിവസങ്ങളിൽ പരിശീലനം ആരംഭിക്കും. ആയുധസംഭരണ കേന്ദ്രങ്ങളുടെ നിർമാണം ജൂലൈ ഒന്നിനകം പൂർത്തിയാകും. അണ്വായുധ പോർമുന വഹിക്കാൻ കഴിയുന്ന ഇസ്കന്ദർ മിസൈലുകൾ ബെലാറൂസിലേക്കു മാറ്റിക്കഴിഞ്ഞതായും പുടിൻ അറിയിച്ചു.
അതേസമയം, റഷ്യ അണ്വായുധം പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണെന്നു കരുതുന്നില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ബെലാറൂസിനെ റഷ്യ അണ്വായുധബന്ദിയാക്കിയെന്നു യുക്രെയ്ൻ പ്രതികരിച്ചു.
ചൈനയുമായി സൈനികസഖ്യമില്ല
റഷ്യയും ചൈനയും സൈനികസഖ്യം രൂപീകരിക്കുകയില്ലെന്നു വ്ലാദിമിർ പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപാടുകൾ സുതാര്യമാണ്. പാശ്ചാത്യശക്തികൾ പുതിയ അച്ചുതണ്ട് ശക്തി രൂപീകരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയും ജപ്പാനും തമ്മിലുണ്ടാക്കിയ അച്ചുതണ്ട് സഖ്യത്തിനു സമാനമാണിതെന്നും പുടിൻ ആരോപിച്ചു.
യുഎസിൽ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധപ്രകടനം നടത്തി.
യുഎസിലെ ഇന്ത്യൻ അംബാസഡർതരൺജിത് സിംഗ് സന്ധുവിനെതിരേ ഭീഷണി മുഴക്കി എംബസിക്ക് അകത്തേക്കു കയറാൻ ശ്രമിച്ച ഖലിസ്ഥാൻവാദികളെ സുരക്ഷാസേന തടഞ്ഞു. ഈ സമയം സന്ധു എംബസിയിലുണ്ടായിരുന്നില്ല.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പിടിഐ വാർത്താ ഏജൻസിയുടെ യുഎസ് കറസ്പോണ്ടന്റ് ലളിത് കെ. ഝായെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചു. ഖലിസ്ഥാൻവാദികൾ തന്നെ കായികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ലളിത് പറഞ്ഞു. ഇടതുചെവിക്കു താഴെയാണ് ഇദ്ദേഹത്തിനു മർദനമേറ്റത്.
തായ്വാനെ തള്ളി; ചൈനയെ അംഗീകരിച്ച് ഹോണ്ടുറാസ്
ബെയ്ജിംഗ്: സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് തായ്വാനുമായുള്ള നയതന്ത്രബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ചൈനയെ മാത്രമേ ഇനി അംഗീകരിക്കുകയുള്ളൂവെന്നും തായ്വാൻ ചൈനയുടെ അഭിഭാജ്യഘടകമാണെന്നും ഹോണ്ടുറാസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബന്ധം വിച്ഛേദിക്കുന്ന കാര്യം തായ്വാനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതോടെ തായ്വാനെ ഔദ്യോഗികമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 13 ആയി. വത്തിക്കാൻ, ബെലീസ്, ഗ്വാട്ടിമാല, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളാണ് തായ്വാനെ അംഗീകരിക്കുന്നത്. അതേസമയം, അമേരിക്കയടക്കം നൂറോളം രാജ്യങ്ങൾ ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും അനൗദ്യോഗികമായി തായ്വാനെ പിന്തുണയ്ക്കുകയും സഹായങ്ങൾ നല്കുകയും ചെയ്യുന്നുണ്ട്.
1949ലെ ആഭ്യന്തരയുദ്ധത്തിൽ വേർപെട്ട തായ്വാനെ സ്വതന്ത്ര പ്രവിശ്യയായിട്ടു മാത്രമാണു ചൈന കരുതുന്നത്. ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ വലിയ നീക്കങ്ങൾ ചൈന നടത്തുന്നുണ്ട്.
ചൈനയുടെ ഭീഷണിക്കു ഹോണ്ടുറാസ് വഴങ്ങിയെന്നു തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ ആരോപിച്ചു. ഹോണ്ടുറാസിലെ എംബസി പൂട്ടി അംബാസഡറെ തിരിച്ചുവിളിക്കുമെന്നു തായ് വിദേശകാര്യമന്ത്രി ജോസഫ് വു അറിയിച്ചു.
ഹോണ്ടുറാസിൽ വർഷാദ്യം അധികാരമേറ്റ പ്രസിഡന്റ് സിയമാരോ കാസ്ട്രോയുടെ സർക്കാരാണു ചൈനയുമായി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്. ഇതിനു പകരമായി ചൈന ഹോണ്ടുറാസിനു സാന്പത്തികസഹായം നല്കുമെന്നാണു റിപ്പോർട്ട്.
എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസും ഒരേ ദിശയിൽ; ഒഴിവായത് വൻ ദുരന്തം
കാഠ്മണ്ഡു: ഡൽഹിയിൽനിന്നു കാഠ്മണ്ഡുവിലേക്കു വന്ന എയർ ഇന്ത്യ വിമാനവും മലേഷ്യയിൽനിന്നു കാഠ്മണ്ഡുവിലേക്കുവന്ന നേപ്പാൾ എയർലൈൻസും എത്തിയത് ഒരേ ദിശയിൽ. മുന്നറിയിപ്പു നല്കുന്ന സംവിധാനം അടിയന്തരമായി പ്രവർത്തിച്ചതിനാൽ പൈലറ്റുമാരുടെ സമയോചിത ഇടപെടൽമൂലം ഒഴിവായതു വൻദുരന്തം.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളിലെ മൂന്നു ജീവനക്കാരെ നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി സസ്പെൻഡ് ചെയ്തു.
എയർ ഇന്ത്യ വിമാനം 19,000 അടിയിലും നേപ്പാൾ എയർലൈൻസ് 15,000 അടിയിലുമാണു പറന്നിരുന്നത്. ഇരുവിമാനങ്ങളും അടുത്തതെത്തിയതോടെ റഡാറിൽ മുന്നറിയിപ്പു സംവിധാനം പ്രവർത്തനക്ഷമമാകുകയും നേപ്പാൾ എയർലൈൻസ് 7000 അടി താഴ്ന്നു പറക്കുകയുമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ സിവിൽ ഏവിയഷൻ അഥോറിറ്റി നിയോഗിച്ചിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റ്: അമേരിക്കയിൽ മരണം 26 ആയി
ജാക്സൺ: അമേരിക്കയിലെ മിസിസിപ്പി, അലബാമ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ മരണം 26 ആയി. ഭൂരിഭാഗം മരണങ്ങളും നാശനഷ്ടവും മിസിസിപ്പിയിലാണ്. മിസിസിപ്പിയിലെ റോളിംഗ് ഫോർക്ക് പട്ടണം ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടുവെന്നാണു റിപ്പോർട്ട്.
പൂർണമായും ഭാഗികമായും നശിച്ച ഭവനങ്ങളുടെയും റോഡുകളിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന വാഹനങ്ങളുടെയും ചിത്രങ്ങൾ പുറത്തുവന്നു. ദുരന്തമേഖല സന്ദർശിച്ച മിസിസിപ്പി ഗവർണർ റ്റേറ്റ് റീവ്സ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അഭയാർഥിബോട്ട് മുങ്ങി 19 മരണം
ടുനിസ്: ആഫ്രിക്കയിൽനിന്നുള്ള അഭയാർഥികളുടെ ബോട്ട് ടുണീഷ്യക്കടുത്തു മുങ്ങി 19 പേർ മരിച്ചു. ഇറ്റലി വഴി യൂറോപ്പിൽ പ്രവേശിക്കാൻ മോഹിച്ചവരാണു ബോട്ടിലുണ്ടായിരുന്നത്. ടുണീഷ്യയിലെ മഹ്ദിയാ തീരത്താണു ബോട്ട് മുങ്ങിയത്. ടുണീഷ്യൻ കോസ്റ്റ് ഗാർഡ് അഞ്ചു പേരെ രക്ഷപ്പെടുത്തി.
ജർമനിയിൽ വെടിവയ്പ്; രണ്ടു മരണം
ബെർലിൻ: വടക്കൻ ജർമനിയിലെ ഹാംബർഗ് നഗരത്തിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസമാദ്യം ഈ നഗരത്തിലെ യഹോവസാക്ഷി പ്രാർഥനാകേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചിരുന്നു.
ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധവുമായി ഖലിസ്ഥാൻ അനുകൂലികൾ
ലണ്ടൻ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനു പിന്തുണയുമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ഖലിസ്ഥാനിൽ അനുകൂലികൾ പ്രതിഷേധമാർച്ച് നടത്തി.
പ്രതിഷേധക്കാരുടെ കൈയിൽ ഖലിസ്ഥാൻ അനുകൂല ബാനറുകളും പതാകയും ഉണ്ടായിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ രണ്ടു തവണ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും സമാന പ്രതിഷേധം അരങ്ങേറി.
യുഎസിൽ ചുഴലിക്കൊടുങ്കാറ്റ്; 23 മരണം
ജാക്സൺ: തെക്കൻ യുഎസിലെ മിസിസിപ്പി സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. മണിക്കൂറിൽ 113 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായി.
മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. മേൽക്കൂര പറന്നുപോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടനവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
കാറ്റിനൊപ്പം കനത്ത മഴയും ചെറിയ പന്തിന്റെ വലിപ്പത്തിൽ ആലിപ്പഴവും പെയ്തു. സിൽവർ സിറ്റി, റോളിംഗ് ഫോർട്ട് പട്ടണങ്ങളിൽ വളരെ വലിയ നാശനഷ്ടങ്ങളുണ്ടായി. റോളിംഗ് ഫോർക്ക് പട്ടണം ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെട്ടു എന്നാണു ചില റിപ്പോർട്ടുകളിൽ പറയുന്നത്.
മിസിസിപ്പിക്കു പുറമേ തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ചുഴലിക്കാറ്റ് വലിയ നാശം വിതച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലുംകൂടി ഒരു ലക്ഷത്തിലധികം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
ഇന്റൽ സ്ഥാപകൻ ഗോർഡൻ മൂർ അന്തരിച്ചു
സാൻ ഫ്രാൻസിസ്കോ: ഐടി മേഖലയുടെ തലതൊട്ടപ്പന്മാരിൽ ഒരാളും ജീവകാരുണ്യ പ്രവർത്തകനുമായ ഗോർഡൻ മൂർ (94) അന്തരിച്ചു. കംപ്യൂട്ടർ പ്രോസസറുകൾ ഉത്പാദിപ്പിക്കുന്ന ഇന്റൽ കന്പനിയുടെ സ്ഥാപകരിലൊരാളായ അദ്ദേഹത്തിന്റെ അന്ത്യം ഹവായിയിൽ ആയിരുന്നുവെന്നു ബന്ധുക്കൾ അറിയിച്ചു.
കംപ്യൂട്ടർ വിപ്ലവം തുടങ്ങുന്നതിന് രണ്ടു പതിറ്റാണ്ടിനു മുന്പ് 1965ൽ ഒരു പത്രത്തിലെഴുതിയ ലേഖനത്തിൽ, ഹോം കംപ്യൂട്ടറുകളും കൊണ്ടുനടക്കാവുന്ന ആശയവിനിയമ ഉപകരണങ്ങളും സാധ്യമാക്കാൻ ഐസി (ഇന്റഗ്രേറ്റഡ് സർക്യൂട്ട്) ചിപ്പുകൾക്കു കഴിയുമെന്നു മൂർ പ്രവചിച്ചിരുന്നു.
കംപ്യൂട്ടറുകളുടെ പ്രവർത്തനശേഷി ഓരോ വർഷം പിന്നിടുന്പോഴും ഇരട്ടിയായി വർധിക്കുന്ന കണ്ടുപിടിത്തങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷമെന്നതു പിന്നീട് രണ്ടു വർഷമായി അദ്ദേഹം തിരുത്തി. ടെക് ലോകം ഇതിനെ മൂർസ് നിയമം എന്നാണു വിളിക്കുന്നത്.
മൂറിന്റെ വാക്കുകൾ ഐസി ഉത്പാദകർക്കു വൻ പ്രചോദനമായിത്തീരുകയും മെമ്മറി ചിപ്പുകളുടെ ശേഷി വർധിപ്പിക്കുന്നതും വില കുറയ്ക്കുന്നതുമായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുകയും ചെയ്തു.
മൂർ പ്രവർത്തിച്ചിരുന്ന ഫെയർചൈൽഡ് സെമികണ്ടക്ടേഴ്സ് ലബോറട്ടറി എന്ന സ്ഥാപനത്തിന്റെ വളർച്ചയാണു കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയുടെ തെക്കുള്ള പ്രദേശത്തെ സിലിക്കൽവാലിയാക്കുന്നതിന് അടിത്തറ പാകിയത്. മൂർ ഈ സ്ഥാപനത്തിലെ റോബർട്ട് നോയ്സുമായി ചേർന്ന് 1968ലാണ് ഇന്റൽ കന്പനി സ്ഥാപിക്കുന്നത്.
റഷ്യയെ നേരിടാൻ നോർഡിക് വ്യോമസേനകൾ ഒരുമിക്കുന്നു
സ്റ്റോക്ഹോം: റഷ്യൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ നോർഡിക് രാജ്യങ്ങളായ സ്വീഡൻ, നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവർ സംയുക്ത വ്യോമപ്രതിരോധം രൂപീകരിക്കുന്നു.
നാറ്റോയുടെ മാതൃകയിൽ നാലു രാജ്യങ്ങളിലെയും വ്യോമസേനകൾ സഹകരിച്ചു പ്രവർത്തിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതായി ഡാനിഷ് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ജർമനിയിലെ റാംസ്റ്റെയ്ൻ വ്യോമസേനാ താവളത്തിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ നാറ്റോ പ്രതിനിധികളും പങ്കെടുത്തു.
റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണു നോർഡിക് രാജ്യങ്ങൾ ഈ ആശയത്തിലെത്തിയത്. നാലു രാജ്യങ്ങളുടെയും വ്യോമസേന ഒരുമിച്ചാൽ നാനൂറോളം യുദ്ധവിമാനങ്ങളുണ്ടാകും.
ഗാർസെറ്റി സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കപ്പെട്ട എറിക് ഗാർസെറ്റി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരീസിനു മുന്പാകെ ഹീബ്രു ബൈബിളിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
രണ്ടു വർഷത്തിനുശേഷമാണ് അമേരിക്കയ്ക്ക് ഇന്ത്യയിൽ സ്ഥാപതിയുണ്ടാകുന്നത്. ലോസ് ആഞ്ചലസ് നഗരത്തിലെ മുൻ മേയർകൂടിയായ ഗാർസെറ്റിയെ പ്രസിഡന്റ് ബൈഡൻ രണ്ടു വർഷം മുന്പ് നാമനിർദേശം ചെയ്തതാണെങ്കിലും കുറച്ചുനാൾ മുന്പാണ് യുഎസ് സെനറ്റ് അത് അംഗീകരിച്ചത്. ബൈഡന്റെ വിശ്വസ്തനായാണ് ഗാർസെറ്റി അറിയപ്പെടുന്നത്.
മതനിന്ദ: പാക്കിസ്ഥാനിൽ മുസ്ലിമിനു വധശിക്ഷ
പെഷവാർ: മതനിന്ദാ പരാമർശം വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടയാൾക്ക് പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ചു. സയ്യദ് മുഹമ്മദ് സീഷാൻ എന്നയാൾ കുറ്റം ചെയ്തതായി തീവ്രവാദവിരുദ്ധ കോടതി കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുന്പാണ് ഇയാൾക്കെതിരേ കേസെടുത്തത്.
ഡേവിഡ് ശില്പത്തിന്റെ ചിത്രം ക്ലാസിൽ; പ്രിൻസിപ്പലിന്റെ പണി പോയി
മയാമി: മൈക്കലാഞ്ചലോയുടെ ഡേവിഡ് എന്ന ശില്പത്തിന്റെ ചിത്രം സ്കൂളിൽ കാണിച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനു രാജിവയ്ക്കേണ്ടിവന്നു. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ടല്ലഹസി ക്ലാസിക്കൽ സ്കൂൾ പ്രിൻസിപ്പൽ ഹോപ് കരസാക്വില്ലയുടെ ജോലിയാണു പോയത്.
നവോത്ഥാനകാല കലാ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് 11-12 വയസ് പ്രായമുള്ളവർ പഠിക്കുന്ന ആറാം ക്ലാസിൽ ഡേവിഡിന്റെ ചിത്രം പ്രദർശിപ്പിച്ചത്. പൂർണനഗ്നനായി ഗോലിയാത്തിനെ നേരിടാനൊരുങ്ങുന്ന ഡേവിഡിന്റെ ചിത്രം അശ്ലീലമാണെന്നാരോപിച്ച് ഒരു രക്ഷകർത്താവ് പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞവർഷവും ഡേവിഡിന്റെ ചിത്രം സ്കൂളിൽ കാണിച്ചിരുന്നു. എന്നാൽ ഇതിനു മുന്പായി രക്ഷകർത്താക്കൾക്ക് മുന്നറിയിപ്പു നല്കിയിരുന്നു. ഇക്കുറി അതുണ്ടാകാതിരുന്നത് വീഴ്ചയാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇന്തോനേഷ്യ കേരള സമാജം 20 ാം വാർഷികം ആഘോഷിച്ചു
ജക്കാർത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20 ാമത് വാർഷികാഘോഷം ഇന്ത്യയുടെ ഇന്തോനേഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബാസിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്തോനേഷ്യയിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത സിനിമാതാരം ശങ്കർ പണിക്കർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം. ജിജിമോൻ, സിനിമാ നിർമാതാവ് രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബെന്നി വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ജലീൽ, ജോയിന്റ് സെക്രട്ടറി ബോബി എള്ളിൽ, വൈസ് പ്രസിഡന്റ് പ്രകാശ് മേനോൻ, ട്രഷറർ നസ്രീൻ ജലീൽ, കൺവീനർമാരായ ജസ്റ്റിൻ മാത്യു, ഹരികുമാർ, മഞ്ജു മാത്യു, ഗ്രേസ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
യുകെയിൽ മലയാളി വൈദികൻ മരിച്ച നിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിനു സമീപം റെക്സ് ഹാം രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന വയനാട് സ്വദേശി ഫാ. ഷാജി തോമസ് പുന്നാട്ടിനെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മഹല്ലത്ത് ദേവാലയത്തിൽ പതിവ് കുർബാനയ്ക്ക് വൈദികൻ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
23 വർഷംമുന്പാണ് വൈദികപട്ടം സ്വീകരിച്ചത്്. 16 വർഷമായി വെയിൽസിലെ വിവിധ ദേവാലങ്ങളിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. സഹോദരി സിസ്റ്റർ ഡോ.ബെറ്റി തോമസും ഒരു സഹോദരനുമാണ് നാട്ടിലുള്ള അടുത്ത ബന്ധുക്കൾ. സംസ്കാരം യുകെയിൽനടത്തുമെന്നാണു വിവരം.
സിറിയയിൽ യുഎസ് വ്യോമാക്രമണം; 11 മരണം
ഡമാസ്കസ്: കിഴക്കൻ സിറിയയിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം. 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വടക്കുകിഴക്കൻ സിറിയയിലെ ഹസാക്കെയിലുള്ള യുഎസ് സൈനികതാവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു മറുപടിയായിട്ടായിരുന്നിത്.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ ഇറേനിയൻ നിർമിതമാണെന്നു കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും അഞ്ചു സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു തിരിച്ചടിക്ക് ഉത്തരവിട്ടതെന്നു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. ഇറാനിലെ വിപ്ലവഗാർഡുകളുമായി ബന്ധമുള്ള ഗ്രൂപ്പുകളെയാണു വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ സിറിയയിലെ ദെയ്ർ അസ് സോർ നഗരം, മയാദീൻ പട്ടണം, ഇറാൻ അതിർത്തിയോടു ചേർന്ന ബുക്കാമൽ പട്ടണം എന്നിവിടങ്ങളിലായിരുന്നു യുഎസ് വ്യോമാക്രമണമെന്നു സിറിയൻ ഓബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് സംഘടന അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാനായി തൊള്ളായിരത്തോളം യുഎസ് ഭടന്മാരെ സിറിയയുടെ തെക്കും കിഴക്കും ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സിറിയൻ സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്.
ഫ്രാൻസിലെ തൊഴിലാളിസമരം; ചാൾസ് രാജാവിന്റെ സന്ദർശനം മാറ്റിവച്ചു
പാരീസ്: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ ഫ്രഞ്ച് സന്ദർശനം മാറ്റിവച്ചു. വിരമിക്കൽപ്രായം ഉയർത്തുന്നതിനെതിരേ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കു ശമനമില്ലാത്ത സാഹചര്യത്തിലാണിത്.
ചാൾസും ഫ്രഞ്ച് പ്രസിഡന്റ് മക്രാോണും ഇന്നലെ രാവിലെ ഫോണിൽ ചർച്ച നടത്തിയശേഷം ഇരു രാജ്യത്തെയും സർക്കാരുകൾ സംയുക്തമായി സന്ദർശനം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചാൾസിന്റെ സന്ദർശനത്തിന് ഒരുവിധ ഭീഷണിയുമില്ലെന്നാണു ഫ്രഞ്ച് സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച വീണ്ടും പ്രതിഷേധം നടത്താൻ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണു ചാൾസിന്റെ സന്ദർശനം മാറ്റിവയ്ക്കാൻ തീരുമാനമായത്.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയാണു സന്ദർശനം നിശ്ചയിച്ചിരുന്നത്. ചാൾസ് പോകാനിരുന്ന പാരീസ്, ബോർഡോ നഗരങ്ങളിൽ വ്യാഴാഴ്ച വലിയതോതിൽ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. ബോർഡോയിലെ ടൗൺഹൗളിന്റെ കവാടത്തിനു തീവയ്ക്കുകയുണ്ടായി. പാരീസിലെ തെരുവുകളിൽ 903 സ്ഥലങ്ങളിൽ തീവയ്പുകളുണ്ടായി.
വിരമിക്കൽപ്രായം 62ൽനിന്ന് 64ലേക്ക് ഉയർത്താനുള്ള നീക്കത്തിനെതിരേ ജനുവരി മുതൽ പ്രതിഷേധം നടക്കുകയാണ്. വ്യാഴാഴ്ചത്തെ സംഭവങ്ങളിൽ 457 പേർ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ അറിയിച്ചു. 441 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റു.
ബന്ധം പുനഃസ്ഥാപിക്കാൻ സൗദി-സിറിയ ചർച്ച
റിയാദ്: സൗദി അറേബ്യയും സിറിയയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനു ചർച്ചകൾ ഊർജിതമാക്കിയതായി റിപ്പോർട്ട്.
എംബസികളും കോൺസുലാർ സേവനങ്ങളും വീണ്ടും തുടങ്ങുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ചർച്ചകൾ നടത്തുന്നതായി പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. റഷ്യയാണു ചർച്ചകൾക്കു മാധ്യസ്ഥ്യം വഹിക്കുന്നതെന്ന സൂചനയുള്ളതായി അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു.
സിറിയയിലെ ജനകീയ പ്രക്ഷോഭത്തിലും തുടർന്നുള്ള ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് അസാദിനെതിരേ പോരാടിയ പ്രതിപക്ഷത്തെ സൗദിയുടെ നേതൃത്വത്തിലുള്ള അറബി രാജ്യങ്ങൾ പിന്തുണച്ചിരുന്നു. അസാദിനെ അധികാരത്തിൽ തുടരാൻ സഹായിച്ചത് റഷ്യൻ സേനയാണ്. അടുത്തകാലത്ത് അറബിരാജ്യങ്ങളിൽ അസാദിനു സ്വീകാര്യത വർധിച്ചിട്ടുണ്ട്. അസാദ് ഫെബ്രുവരിയിൽ ഒമാനും ഞായറാഴ്ച യുഎഇയും സന്ദർശിച്ചിരുന്നു.
പരന്പരാഗത വൈരികളായ ഇറാനും സൗദിയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ തീരുമാനമുണ്ടായതിനു പിന്നാലെയാണു പുതിയ സംഭവവികാസങ്ങൾ. ചൈനയും റഷ്യയും പശ്ചമേഷ്യയിൽ സ്വാധീനം വർധിപ്പിക്കുന്നതിൽ യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികൾക്ക് ആശങ്കയുണ്ട്.
‘സുനാമി ഡ്രോൺ’ പരീക്ഷിച്ചെന്ന് ഉത്തരകൊറിയ
പ്യോഗ്യാംഗ്: റേഡിയോആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിവുള്ള ആളില്ലാ മുങ്ങിക്കപ്പൽ (ജല ഡ്രോൺ) പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ തീരത്തു നടത്തിയ പരീക്ഷണത്തിനു പരമോന്നത നേതാവ് കിം ജോംഗ് ഉൻ മേല്നോട്ടം വഹിച്ചു.
ശത്രുരാജ്യത്തിന്റെ തുറമുഖങ്ങളെയും കപ്പലുകളെയും സുനാമിയിലൂടെ നശിപ്പിക്കാൻ ശേഷിയുള്ള ആയുധമാണിത്. തങ്ങളുടെ അണ്വായുധശേഷി വ്യക്തമാക്കുന്ന ആയുധമാണിതെന്നു ദക്ഷിണകൊറിയയും അമേരിക്കയും മനസിലാക്കണമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നല്കി.
റഷ്യയുടെ പൊസൈഡോൺ ടോർപിഡോ മാതൃകയിലാണ് ഉത്തരകൊറിയ ഈ ആയുധം നിർമിച്ചതെന്നു വിലയിരുത്തപ്പെടുന്നു. പൊസൈഡോൺ ഉപയോഗിച്ച് കടലിൽ ആണവസുനാമി സൃഷ്ടിച്ച് തീരനഗരങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണു റഷ്യ അവകാശപ്പെടുന്നത്.