എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.
പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.