സെബിനെ ചേർത്തുപിടിച്ച് വായനക്കാർ; സഹായധനം നൽകി
Thursday, September 11, 2025 8:52 PM IST
കിഡ്നി തകരാർ മൂലം ദുരിതത്തിലായ കൊച്ചി കാക്കനാട് കുസുമഗിരി പുഷ്പമംഗലം തോമസ് ജോസഫിന്റെ മകൻ സെബിൻ ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. വായനക്കാർ നൽകിയ 1,72,485 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ കുടുംബത്തിന് കൈമാറി. വായനക്കാരുടെ പിന്തുണയ്ക്ക് കുടുംബം നന്ദി അറിയിച്ചു.
34ാം വയസിലാണ് സെബിനെ വൃക്കരോഗം പിടികൂടിയത്. കഴിഞ്ഞ നാല് വർഷമായി കടം വാങ്ങി മകന്റെ ചികിത്സകൾ നടത്തിയ തോമസും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം കണ്ടെത്തേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലായതോടെയാണ് സുമനസുകളുടെ സഹായം തേടിയത്.