സ്കറിയയ്ക്ക് കരുതലായി വായനക്കാർ
Friday, November 24, 2023 3:20 PM IST
അർബുദത്തോട് പൊരുതുന്ന കുറവിലങ്ങാട് ചിറ്റംവേലിലെ സി.എ. സ്കറിയ കരുതലായി ദീപിക ഡോട്ട്കോം വായനക്കാർ. സ്കറിയയുടെ ചികിത്സയ്ക്കായി വായനക്കാർ നൽകിയ തുകയുടെ ആദ്യഘട്ടം ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ കൈമാറി.
അർബുദബാധിതനായി മരുന്നു വാങ്ങാൻ പോലും കാശില്ലാതെ ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിരുന്നു സ്കറിയ. കുറവിലങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന അദ്ദേഹം ഏതൊരു സാധാരണക്കാരനെയും പോലെ കഷ്ടപ്പെട്ട് കുടുംബം പുലർത്തിയിരുന്നയാളാണ്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വില്ലനായി അർബുദം എത്തിയത്.
പതിവുപോലെ ജോലിക്കെത്തിയ ഒരു ദിവസം സ്കറിയ പൊടുന്നനേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആദ്യഘട്ട ചികിത്സകൾ വിജയിച്ച് ജീവിതം ഒരുവിധം മുന്നോട്ടുപോകുന്നതിനിടെ വീണ്ടും രോഗമെത്തിയത് കുടുംബത്തെ തളർത്തിക്കളഞ്ഞു.
രണ്ടാമതൊരു ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. 45 തവണ ഇതിനകം സ്കറിയ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായി കഴിഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ പതിവായി.
കുടുംബത്തിനൊപ്പം ഇനിയും ഏറെ നാൾ ജീവിക്കണമെന്ന ആഗ്രഹമാണ് സ്കറിയയ്ക്കുള്ളത്. എന്നാൽ ഭാരിച്ച ചികിത്സാ ചിലവും ചികിത്സകൾ മുടങ്ങുന്നതും ഈ ഗൃഹനാഥനെ ഭയപ്പെടുത്തുകയായിരുന്നു.
റേഡിയേഷന് പുറമേ മരുന്നുകൾക്കും കൂടിയായി മാസം തോറും ഭാരിച്ച പണം കുടുംബം ചികിത്സയ്ക്കായി കണ്ടെത്തേണ്ട സ്ഥിതിയാണ്. കുടുംബത്തിലെ ഏക വരുമാന ആശ്രയമായിരുന്ന സ്കറിയ രോഗശയ്യയിൽ ആയതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി. ഇതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടിയത്.