ഈ മഴക്കാലം അതിജീവിക്കുമോ കുഞ്ചന്റെ ജന്മഗൃഹം...?
1582134
Friday, August 8, 2025 1:19 AM IST
നവീകരണത്തെക്കുറിച്ചു മിണ്ടാട്ടമില്ല
ഒറ്റപ്പാലം: ജീർണിച്ചുനിൽക്കുന്നപടിപ്പുര, ഏതു നിമിഷവും നിലംപൊത്താവുന്ന മേൽക്കൂര, കാടുപിടിച്ചുകിടക്കുന്ന മുറ്റവും പരിസരവും... പൊട്ടിത്തകർന്നുകിടക്കുന്ന ചുമരുകൾ. ഇതു ഭാർഗവീനിലയമല്ല, ദേശീയസ്മാരകം കൂടിയായ കുഞ്ചൻനമ്പ്യാർ ജനിച്ച കലക്കത്ത് ഭവനമാണ്.
കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ അവസ്ഥ ഇന്നു പരമദയനീയമാണ്. ആളനക്കം ഇല്ലാത്തതിന്റെ അരക്ഷിതാവസ്ഥ പ്രകടമാണ്.
മുറ്റവും പരിസരവുമാകെ പുല്ലുംകാടും നിറഞ്ഞുകിടക്കുന്നതിന്നാൽ വിഷജീവികളും പെരുച്ചാഴികളും ധാരാളം. മേൽക്കൂരയുടെ ചോർച്ച തടയുന്നതിനുവേണ്ടി ഫ്ലക്സ് ഷീറ്റുകൾ ആണ് വിരിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ജനാലകളും ജീർണത ബാധിച്ച് വീഴാറായിനിൽക്കുന്ന സ്ഥിതിയാണ്. ജീർണാവസ്ഥയിലായ മേൽക്കൂരയിലെ പട്ടികയും കഴുക്കോലും ഏതുനിമിഷവും നിലംപതിക്കാം. അപകടസാധ്യത മുന്നിൽക്കണ്ടാകാം സ്മാരകത്തിനുള്ളിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയിരിക്കുകയാണ്.
കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലേക്ക് ജീവനക്കാരും ഭരണസമിതിയും എത്തിനോക്കിയിട്ടുതന്നെ ആഴ്ചകൾ പലതു കഴിഞ്ഞുവെന്നു വ്യക്തം. കുഞ്ചൻ നമ്പ്യാർ സ്മാരകം തകർച്ചയിലേക്കാണ് നീങ്ങുന്നത്.
ഈ വർഷക്കാലത്തെ അതിജീവിക്കാൻ വിശ്വമഹാകവിയുടെ കലക്കത്ത് ഭവനത്തിനാകുമോയെന്നു കണ്ടറിയണം.
സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയും അവഗണനയുമാണ് നിലവിലുള്ള സ്ഥിതിക്കു കാരണം. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നുനിൽക്കുന്ന ചുമരുകളും സ്മാരകത്തിന്റെ ദുർഗതിയെ തുറന്നുകാണിക്കുകയാണ്. മേൽക്കൂരയിൽ പല സ്ഥലത്തും പ്ലാസ്റ്റിക്കാണ് ചോർച്ച തടയുന്നത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെതുടർന്നാണ് സ്മാരകത്തിൽ സന്ദർശകർക്കു വിലക്കേർപ്പെടുത്തിയത്. അറ്റകുറ്റപ്പണിയുടെ പേരിലാണ് ആഴ്ചകളായി സന്ദർശകരുടെ പ്രവേശനംകൂടി തടഞ്ഞിരിക്കുന്നത്. എന്നാൽ ഒരു അറ്റകുറ്റപ്പണികളും ഇവിടെ നടക്കുന്നില്ല.
അറ്റകുറ്റപ്പണിക്കായി സർക്കാർ തുക ഇതുവരെയും അനുവദിച്ചിട്ടില്ല. 2024-ലെ ബജറ്റിൽ അനുവദിച്ച 1.96 കോടി രൂപയുടെ സഹായം കാത്തിരിക്കുകയാണു ഭരണസമിതി.
ആദ്യ ഗഡു ഉടൻ ലഭിക്കുമെന്നും അതു ലഭ്യമാകുന്ന മുറയ്ക്കു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നുമാണ് ഇവരുടെ മറുപടി.
സ്മാരകത്തിലെ ജീവനക്കാർക്കും ശമ്പളം നൽകാനുണ്ട്. സാംസ്കാരിക വകുപ്പ് അനുവദിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണു സ്മാരകത്തിന്റെ പ്രവർത്തനം. അഞ്ചുമാസത്തിലധികമായി ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്. സ്മാരകം സന്ദർശിക്കാനെത്തന്നവരിൽനിന്നു പിരിച്ചെടുക്കുന്ന സന്ദർശക ഫീസാണ് അടിസ്ഥാനകാര്യങ്ങൾക്കു ചെലവഴിച്ചിരുന്നത്.
ഇപ്പോൾ ഇതും ഇല്ലാത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ദൂരപ്രദേശങ്ങളിൽനിന്നെത്തുന്നവർ മടങ്ങിപ്പോകുന്നതും പതിവായിട്ടുണ്ട്.
കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നിലവിലുള്ള ദുർഗതി പരിഹരിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിട്ടുണ്ട്. അടിയന്തരമായി ഇതിന്റെ മേൽക്കൂര പൊളിച്ചുപണിയേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം സ്മാരക ഗൃഹം നിലംപതിക്കും എന്നകാര്യം ഉറപ്പാണ്.