എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
1593876
Tuesday, September 23, 2025 1:26 AM IST
പാലക്കാട്: സംസ്ഥാനത്തെ എല്ലാ വീടുകളിലും സമയബന്ധിതമായി ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലസംഭരണിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ട്രീറ്റ് ചെയ്ത ശുദ്ധജലം എല്ലാവരിലേക്കും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി ഏകദേശം 44,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 44 ലക്ഷം കുടുംബങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇത് 50 ലക്ഷം കുടുംബങ്ങളിലെത്തും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 85 ശതമാനത്തിലധികം കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേനൽക്കാലത്തും മഴക്കാലത്തും മുടങ്ങാതെ ശുദ്ധജലം ലഭിക്കുന്നത് കുടുംബങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകമാകും.
ഡാമുകൾ, നദികൾ, പുഴകൾ എന്നിവിടങ്ങളിൽ നിന്ന് വെള്ളമെടുത്ത് ദീർഘദൂര പൈപ്പ് ലൈനുകളിലൂടെ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. നെന്മാറ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കാൻ 350 കോടി രൂപയുടെ പദ്ധതിക്ക് ആദ്യഘട്ടത്തിൽ തന്നെ അനുമതി നൽകിയിരുന്നു. ത്രീ ഡൈവേഷൻ സ്കീമുമായി ബന്ധപ്പെട്ട യോഗം എംഎൽഎയുമായി ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു.
കെ. ബാബു എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ഉത്തരമേഖല കെഡബ്ല്യുഎ ചീഫ് എൻജിനീയർ പി.എസ്. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സി. ബിന്ദു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി പ്രണവം ശശിയും സംഘവും നാട്ടുപാട്ടുകൾ അവതരിപ്പിച്ചു.