മാലിന്യം വലിച്ചെറിയുന്നവർക്കു വൻപിഴ ചുമത്തണം: മന്ത്രി എം.ബി. രാജേഷ്
1594760
Friday, September 26, 2025 1:53 AM IST
വടക്കഞ്ചേരി: പൊതുവഴിയിലും ജലസ്രോതസുകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കണ്ണിൽ ചോരയില്ലാത്തവിധം വൻതുക പിഴ ഈടാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. വണ്ടാഴി പഞ്ചായത്തിൽ മാത്തൂരിനടുത്ത് പെരണംകാട് മാലിന്യ സംസ്കരണ പ്ലാന്റ്്, ജൈവ അജൈവ വളം നിർമാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 1,52,000 ടൺ മാലിന്യമാണ് ഓരോ ദിവസവും ഹരിതകർമ സേന സംഭരിക്കുന്നത്.
ഇതുകൂടാതെ പഞ്ചായത്തുകളിലെല്ലാം ബോട്ടിൽ ബൂത്തുകളും വേയ്സ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലും മാലിന്യങ്ങൾ നിറയുന്നു. ഈ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ മാലിന്യം നിറഞ്ഞ് നാട്ടിൽ നടക്കാനാകാത്ത സ്ഥിതി ഉണ്ടാകുമായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബീവറേജസ് ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം കുപ്പി വലിച്ചെറിയുന്ന ശീലത്തിന് മാറ്റം വന്നിട്ടുണ്ട്. വർഷം 70 കോടി മദ്യകുപ്പികളാണ് ഇത്തരത്തിൽ വലിച്ചെറിഞ്ഞിരുന്നതെന്നാണ് കണക്ക്.
ഇതിന് പരിഹാരമായി കാലി കുപ്പിക്ക് ഒന്നിന് 20 രൂപ തിരിച്ചുകൊടുക്കുന്ന സംവിധാനം കൊണ്ടുവന്നു. ഇതുവഴി കുപ്പികൾ വഴിയിൽ വലിച്ചെറിയുന്ന സ്ഥിതിമാറി. കുപ്പി തിരിച്ചു നൽകാൻ നാണക്കേടോ അഭിമാനപ്രശ്നമോ ഉള്ളവർക്ക് ഓട്ടോമാറ്റിക് സ്കാനിംഗ് സംവിധാനം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത സ്ഥലത്ത് കുപ്പികൾ നിക്ഷേപിച്ചാൽ അത് സ്കാൻ ചെയ്ത് അപ്പോൾ തന്നെ ഉടമയ്ക്ക് കൂപ്പൺ കിട്ടും. കൂപ്പൺ കൊടുത്താൽ പണം തിരികെ കിട്ടാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതല്ലെങ്കിൽ അക്കൗണ്ടിലേക്ക് പണം വരും. ഈ സംവിധാനം ജനുവരിയിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ആമുഖപ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റു വിവിധ പ്രതിനിധികളായ ടി.എം. ശശി, രജനി, ആർ. ചന്ദ്രൻ, സെയ്താലി, ശശികുമാർ, സുബിത മുരളീധരൻ, ഷക്കീർ, സീമ, ദിവ്യ, ഗംഗാധരൻ, അസിസ്റ്റന്റ് സെക്രട്ടറി ചെന്താമര എന്നിവർ പ്രസംഗിച്ചു.