തമിഴ്നാട് സ്വദേശി കനാലിൽ മരിച്ച നിലയിൽ
1594443
Wednesday, September 24, 2025 10:41 PM IST
ചിറ്റൂർ: ഗവ.ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള മാഞ്ചിറ കനാലിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ശെൽവപുരം സ്വദേശി സുരേഷ് ബാബു(51)വാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ കനാലിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ മാഞ്ചിറയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു സുരേഷ് ബാബു. രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയാണെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നു സുഹൃത്ത് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും കനാലിനു സമീപത്ത് എത്തിയപ്പോൾ കാൽവഴുതി വീണതാകാം മരണകാരണമെന്നും പോലീസ് പറഞ്ഞു. സുരേഷ് ബാബുവിന് അപസ്മാരമുള്ളതായി വീട്ടുകാർ അറിയിച്ചതായും പോലീസ് പറഞ്ഞു.
ശെൽവപുരത്തു ബാർബർ ഷോപ്പ് നടത്തിവരികയാണ് സുരേഷ് ബാബു. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി യിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വീട്ടുനൽകി.