വട്ടന്പലത്ത് അഞ്ച് ആടുകളെ കടിച്ചുകൊന്നു; പുലിയെന്നു നാട്ടുകാർ, തെരുവുനായ്ക്കളെന്നു വനംവകുപ്പ്
1594763
Friday, September 26, 2025 1:53 AM IST
മണ്ണാർക്കാട്: വട്ടമ്പലത്ത് അഞ്ച് ആടുകളെ അജ്ഞാതജീവികൾ കടിച്ചുകൊന്നു. വട്ടമ്പലം ടൗണിനോട് ചേർന്ന് തോണിപ്പുറം അയ്യപ്പക്ഷേത്രത്തിന് സമീപം പാലത്ത് സെബാസ്റ്റ്യന്റെ ഗർഭിണികളായ അഞ്ച് ആടുകളെയാണ് അജ്ഞാത ജീവികൾ കടിച്ചുകൊന്നത്. ബുധൻ രാത്രിയാണ് സംഭവം. സെബാസ്റ്റ്യനും ഭാര്യയും രാത്രി ബന്ധുവീട്ടിൽ പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് അഞ്ച് ആടുകളെയും കടിച്ചുകൊന്ന നിലയിൽ കണ്ടത്. ഒരാടിനെ പൂർണമായും ഭക്ഷിച്ചിട്ടുണ്ട്. മറ്റ് ആടുകളുടെ കാലുകളും മറ്റും കടിച്ചുതിന്ന അവസ്ഥയിലാണ്.
കൂടും കടിച്ച് പൊളിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തി. തെരുവുനായ്ക്കളാവാം ആടുകളെ കടിച്ചുകൊന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കാൽപ്പാടുകൾ നായ്ക്കളുടേതെന്നാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരും സെബാസ്റ്റ്യനും പറയുന്നത് തെരുവുനായ്ക്കളല്ല മറിച്ച് ആടുകളെ കൊന്നത് പുലിയെന്നാണ്. തുടർന്ന് വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ചപ്പോൾ കുമരംപുത്തൂരും മണ്ണാർക്കാടും ഡോക്ടർ ഇല്ലെന്നാണ് മറുപടി ലഭിച്ചത്. ഇതേതുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സെബാസ്റ്റ്യൻ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.