പാലക്കുഴിമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം; വൈദ്യുതോത്പാദനം തുടങ്ങിയാൽ വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് ആശങ്ക
1594338
Wednesday, September 24, 2025 7:15 AM IST
വടക്കഞ്ചേരി: പാലക്കുഴിമലയിലെ ഈ പ്രകൃതിസൗന്ദര്യത്തിന് ഇനി അല്പായുസ് മാത്രം. ഈ വർഷം അവസാനത്തോടെ മലയിൽനിന്നുള്ള വെള്ളച്ചാട്ടം സ്രോതസാക്കി മിനി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ ഈ കാട്ടരുവിയുടെ മനോഹാരിതയ്ക്കു മങ്ങലേൽക്കും.
പിന്നെ മൂന്നുതട്ടുകളിലായി തുള്ളിക്കളിച്ചുള്ള ജലപാതം ഓർമയായി മാറും. മഴക്കാലമാസങ്ങളിൽ ചെക്ക്ഡാം നിറഞ്ഞ് സ്പിൽവേ വഴി ഒഴുകുന്ന വെള്ളമാകും പിന്നെ വെള്ളച്ചാട്ടമായി പരിണമിക്കുക. വൈദ്യുതോത്പാദനം തടസപ്പെടാതെ നടന്നാൽ ഓവർഫ്ളോയ്ക്കുള്ള സാധ്യത കുറവാണെന്നാണ് അധികൃതർ പറയുന്നത്.
ഇതിനാൽ അരുവിയുടെ കലപിലാരവങ്ങളുടെ സ്വാഭാവികത ഇപ്പോൾമാത്രമേ തനിമയോടെ ആസ്വദിക്കാനാകു. പാറപ്പുറങ്ങൾക്കരികിലൂടെ പാഞ്ഞുപോകുന്ന വെള്ളത്തിന്റെ ഈ കുത്തൊഴുക്കും നിലയ്ക്കും. വിനോദസഞ്ചാരികൾക്ക് കുളിർതെന്നലിന്റെ ആസ്വാദനവും ഇത്രമാത്രം ഇനി കിട്ടില്ല. ജലവൈദ്യുത പദ്ധതിക്കായി നിർമിച്ചിട്ടുള്ള ചെക്ക്ഡാമിൽനിന്നു രണ്ടായിരം അടി താഴെ കൊന്നക്കൽകടവിലുള്ള പവർഹൗസിലേക്ക് പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തികൾ നടന്നുവരികയാണ്. ചെക്ക് ഡാമിൽ വെള്ളം സംഭരിച്ച് പിന്നീട് പൈപ്പ് വഴിയാകും വെള്ളം പവർഹൗസിൽ എത്തി വൈദ്യുതി ഉത്പാദനം നടക്കുക.
വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം ഇതേ കാട്ടരുവിയിലേക്കുതന്നെ ഒഴുക്കിവിടുമെങ്കിലും വെള്ളച്ചാട്ടം ഉണ്ടാകില്ല. പവർഹൗസും കാട്ടരുവിയും ഒരേ നിരപ്പിലായതിനാലാണിത്. ഏറെ കിലോമീറ്ററുകൾ ദൂരെ തൃശൂർ - പാലക്കാട് ദേശീയപാതയിൽനിന്നുവരെ കാണാൻ കഴിയുന്ന വെള്ളച്ചാട്ടത്തിന് ഇനി മാസങ്ങളുടെ ആയുസ് മാത്രം. ഇതിനാൽ അവധിദിവസങ്ങളിൽ പാലക്കുഴിമലയിലേക്കുള്ള സന്ദർശകരുടെ എണ്ണവും കൂടിയിരിക്കുകയാണ്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ജൈവഗ്രാമമായ പാലക്കുഴിയിലെ വിസ്മയക്കാഴ്ചകൾ കാണാനെത്തുന്നത്.
വൈദ്യുതോല്പാദനം തുടങ്ങിയാൽപിന്നെ പാലക്കുഴി വേറൊരു ലെവലാകും. കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കൂടുതൽ വിദൂരതയിലേക്ക് കടന്നുചെല്ലും. ഈ വർഷം തന്നെ പദ്ധതിയുടെ കമ്മീഷനിംഗും വൈദ്യുതി ഉത്പാദനത്തിന്റെ ട്രയൽ റണ്ണും നടക്കുമെന്നു പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ച് ഉറപ്പ് പറഞ്ഞിട്ടുണ്ട്. നിശ്ചിതസമയപരിധിക്കുള്ളിൽതന്നെ കമ്മീഷനിംഗ് നടത്തുന്നതിനുള്ള വർക്കുകളും അതിവേഗം പുരോഗമിക്കുകയാണെന്ന് വർക്ക് സൈറ്റിലുള്ള എൻജിനീയർ ഷാരോൺ സാം പറഞ്ഞു.
സമുദ്രനിരപ്പിൽനിന്ന് 3,000 അടി ഉയരമുള്ള പാലക്കുഴി അതിശയങ്ങളുടെ ഹരിതഭൂമികയാണ്. കറുത്ത പൊന്നായ കുരുമുളകാണ് പാലക്കുഴിമലയിലെ മുഖ്യവിള. റബറും ജാതിയും ഏലവും കൊക്കോയും അപൂർവപഴവർഗങ്ങളും കാപ്പി തുടങ്ങി കൗതുകക്കാഴ്ചയുണ്ട് പാലക്കുഴിയിൽ.
ഏതോ പുരാതനസംസ്കൃതിയുടെ ശേഷിപ്പുകളും ഇന്നും പാലക്കുഴിയിൽ മലയിലെ പോത്തുമട ഭാഗത്തുണ്ട്. കണച്ചിപരുതയിൽനിന്നു പാലക്കുഴി മലയിലേക്കുള്ള റോഡിന്റെ വലതുവശം പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രമാണ്.
ആറുകിലോമീറ്റർ യാത്രയിൽ താഴേക്കുള്ള മനോഹരമായ വ്യു പോയിന്റുകളും കർഷകർ വിയർപ്പൊഴുക്കി മണ്ണിൽ പൊന്നുവിളയിക്കുന്ന കാർഷിക സമൃദ്ധിയും കാണാനാകും.