നെന്മാറ-ഒലിപ്പാറ റോഡ് തകർച്ച; 26 ന് സ്വകാര്യബസ് സൂചനാപണിമുടക്ക്
1594331
Wednesday, September 24, 2025 7:15 AM IST
നെന്മാറ: നെന്മാറ -ഒലിപ്പാറ റൂട്ടിൽ സ്വകാര്യബസുകൾ സൂചനാപണിമുടക്ക് നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും നവീകരണത്തിനായി പൊളിച്ച നെന്മാറ-ഒലിപ്പാറ പാതയുടെ നിർമാണം പൂർത്തിയാക്കാതെ നീണ്ടുപോകുന്നതിനെതിരെയാണ് വെള്ളിയാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്.
നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് നെന്മാറയിൽ നിന്ന് ദിവസേന 35 ലധികം ട്രിപ്പുകളിലാണ് ആയാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്നത്. സമയത്തിന് ഓടിയെത്താൻ കഴിയാത്തതും കേടുപാടുകൾ സംഭവിക്കുന്നതും അപകടങ്ങളും പതിവായതോടെയാണ് സർവീസ് നിർത്തിവെക്കാൻ ഉടമകൾ തീരുമാനിച്ചത്.
പാതയുടെ അവശേഷിക്കുന്ന നവീകരണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, യാത്രക്കാർക്ക് ദുരിതമുണ്ടാകാതിരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. എന്നാൽ ഇതേ റൂട്ട് റോഡിലൂടെ ഭാഗികമായി സഞ്ചരിക്കുന്ന അയിലൂർ പാലമുക്ക് മേഖലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സമരം പ്രഖ്യാപിച്ചിട്ടില്ല. 25 നകം നിർമാണ പ്രവർത്തനം ആരംഭിച്ചാൽ സൂചനാ പണിമുടക്ക് പിൻവലിക്കുമെന്നും ബസുടമ സംഘം അറിയിച്ചു.