ബാരിക്കേഡുകൾ "മറന്ന്' വാഹനയാത്രികർ
1594751
Friday, September 26, 2025 1:53 AM IST
വടക്കഞ്ചേരി: മംഗലംപാലം ബൈപാസ് ജംഗ്ഷനിൽ ദേശീയപാതയിലെ ബാരിക്കേഡുകൾക്കിടയിലൂടെ ചെറുവാഹനങ്ങൾ കടക്കുന്നത് അപകടസാധ്യത കൂട്ടുന്നതായി ആക്ഷേപം.
നെന്മാറ റോഡിൽ നിന്നും ബൈപ്പാസ് റോഡിലൂടെ ദേശീയപാത പാലക്കാട് ലൈനിലേക്കാണ് വാഹനങ്ങൾ കടക്കുന്നത്. ഈ ലൈനിൽനിന്നും ബൈപാസ് റോഡിലേക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുവരുന്നുണ്ട്.
കാറുകൾ ഉൾപ്പെടെ ദീർഘദൂര വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന ദേശീയപാതയിലേക്കാണ് ഇത്തരത്തിൽ അപകടസാധ്യത നോക്കാതെ അലക്ഷ്യമായി വാഹനങ്ങൾ കടക്കുന്നത്.
തുടർച്ചയായ അപകടങ്ങളെ തുടർന്നാണ് വാഹനപ്രവേശനം തടഞ്ഞ് ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നത്. ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പ് അധികൃതരും ഈ അനധികൃത പ്രവേശനം തടയാൻ നടപടി സ്വീകരിക്കണം. അതല്ലെങ്കിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കി അപകടരഹിതമായ പ്രവേശനം സാധ്യമാക്കണമെന്നാണ് ആവശ്യം.