സൗജന്യചികിത്സയ്ക്ക് പ്രഥമ പരിഗണന: മന്ത്രി വീണാ ജോർജ്
1594762
Friday, September 26, 2025 1:53 AM IST
പാലക്കാട്: സൗജന്യചികിത്സ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും രോഗങ്ങൾക്ക് മുന്നിൽ ആരും നിസഹായരാകില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2021ൽ രണ്ടര ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ ലഭിച്ചതെങ്കിൽ 2024 ആയപ്പോഴേക്കും അത് ആറര ലക്ഷം പേർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞു. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യം ഉയർന്നു കഴിഞ്ഞു.
അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആയിരിക്കുന്പോൾ കേരളത്തിൽ അത് അഞ്ചായി കുറക്കാൻ സാധിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടാണ് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എലപ്പുള്ളിയിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമിക്കുന്ന കെട്ടിടത്തിന് 17.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
അഞ്ച് നിലകളിലായാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായിരുന്നു.