മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. പൗലോസ് അന്തരിച്ചു
1594444
Wednesday, September 24, 2025 10:43 PM IST
മണ്ണാർക്കാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ സെക്രട്ടറിയുമായ പനയാരംപിള്ളില്‍ പി.ജെ. പൗലോസ് (79) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12 നു വെള്ളപ്പാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കള്‍: ജോഷി പോള്‍, മിനി പോള്‍, സൗമിനി. മരുമക്കള്‍: ജോജു, ബാബു.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ്, പാലക്കാട് ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍, കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി അംഗമായിരുന്നു. മണ്ണാര്‍ക്കാടും അട്ടപ്പാടി ഉള്‍പ്പടെയുള്ള പരിസരപ്രദേശങ്ങളിലും കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ അഹോരാത്രം പരിശ്രമിച്ച നേതാവാണ് പി.ജെ. പൗലോസ്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, മുൻ എംപി കെ.പി. ധനപാലൻ, മുൻമന്ത്രി കെ.ഇ. ഇസ്മയിൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മുൻ എംഎൽഎമാരായ കെ.എ. ചന്ദ്രൻ, കളത്തിൽ അബ്ദുള്ള, സി.പി. മുഹമ്മദ്, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, പാലക്കാട് യുഡിഎഫ് കൺവീനർ പി. ബാലഗോപാൽ, എംഎൽഎമാരായ എൻ. ഷംസുദീൻ, രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് രൂപത ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.