കാലാവധി കഴിഞ്ഞും ക്വാറിയുടെ പ്രവർത്തനം തുടരുന്നത് അന്വേഷിക്കണമെന്നു നാട്ടുകാർ
1594332
Wednesday, September 24, 2025 7:15 AM IST
വടക്കഞ്ചേരി: പ്രവർത്തനാനുമതിയുടെ കാലാവധി കഴിഞ്ഞും ഏറെക്കാലം കരിങ്കൽ ക്വാറി പ്രവർത്തിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ. തൃശൂർ - പാലക്കാട് ദേശീയപാതയ്ക്കടുത്ത് അണക്കപ്പാറയിലെ കരിങ്കൽ ക്വാറിക്കെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്.
ക്വാറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത് എത്രകാലത്തേക്കാണെന്നും എത്ര സ്ഥലത്താണ് പാറ പൊട്ടിക്കാൻ അനുമതി നൽകിയിട്ടുള്ളതെന്നും ബന്ധപ്പെട്ട അധികൃതർക്കെല്ലാം വ്യക്തമായി അറിയാമെന്നിരിക്കെ ഇതു പരിശോധിക്കാതെ ക്വാറി പ്രവർത്തിക്കുന്നത് ആരുടെയൊക്കെയോ പിൻബലത്തിലാണെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. രാത്രികാലങ്ങളിലും വലിയ ടോറസുകളിൽ കല്ലുകയറ്റി പോകുന്നത് ആരും അറിഞ്ഞില്ല എന്ന് വിശ്വസിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.
ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ന്യായമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമലംഘന നടപടികൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രണ്ടുവർഷം മുമ്പ് തന്നെ ക്വാറി പ്രവർത്തിപ്പിക്കാൻ ആവശ്യമായ അനുമതി അവസാനിച്ചെന്നാണ് സമരരംഗത്തുള്ളവർ പറയുന്നത്. ഏതാനും സെന്റ് സ്ഥലത്ത് മാത്രം പാറ പൊട്ടിക്കാൻ സമ്പാദിച്ച ലൈസൻസിന്റെ മറവിൽ പ്രദേശമാകെ പാറ ഖനനം നിർബാധം തുടരുകയാണ്. അനധികൃത ഖനനം നടത്തി കല്ല് പുറത്തു കൊണ്ടു പോകുന്നത് കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞിരുന്നു. ഇത് പോലീസിന്റെ ഇടപെടലിൽ എത്തിയെങ്കിലും ക്വാറിയുടെ പ്രവർത്തനം ഇപ്പോഴും പൂർണമായും നിർത്തിവച്ചിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഞായറാഴ്ച ദിവസങ്ങളിൽ പാറപൊട്ടിക്കൽ പോലെയുള്ള എക്സ്പ്ലോസീവ് വർക്കുകൾ നടത്തരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത് കാറ്റിൽ പറത്തിയും ക്വാറി പ്രവർത്തിക്കുന്നതായി പറയുന്നു.