ഭൂതയാർ റോഡ് ഗതാഗതയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1594321
Wednesday, September 24, 2025 7:15 AM IST
പാലക്കാട്: അട്ടപ്പാടി പുതൂർ മേലെഭൂതയാർ ഗോത്ര ഊരിലേക്കുള്ള റോഡ് കാലതാമസം കൂടാതെ ഗതാഗത യോഗ്യമാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി.
ഊരിലേക്ക് റോഡില്ലാത്തതിനാൽ അത്യാസന്ന നിലയിലായ രോഗിയെ കമ്പിൽകെട്ടി ചുമന്ന് ആംബുലൻസിലെത്തിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. പുതൂർ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഈ സാമ്പത്തിക വർഷം റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദുർഘടമായ പ്രദേശങ്ങളുടെ ഭൂപ്രകൃതിയും മറ്റും കാരണം പദ്ധതികൾ നടപ്പിലാക്കാൻ തടസം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഊരിൽ ഇരുചക്രവാഹനമുള്ളവരുണ്ടെങ്കിലും മറ്റ് വാഹന സൗകര്യങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.