"ആരോഗ്യജീവിതത്തിനു പോഷകാഹാരം അനിവാര്യം'
1594521
Thursday, September 25, 2025 1:59 AM IST
കൊല്ലങ്കോട്: ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു. കൊല്ലങ്കോട് വാസുദേവൻ മേനോൻ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുക എന്നതാണ് ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ലക്ഷ്യം. ജില്ല മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, കൊല്ലങ്കോട് ബ്ലോക്ക് ഐ സി ഡി എസ് പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ബോധവത്കരണ നാടകം, സ്ത്രീകളുടെയും കുട്ടികളുടെയും വിളർച്ച നിർണയ പരിശോധന, ജീവിതശൈലി രോഗനിർണയ പരിശോധന, എച്ച്ഐവി പരിശോധന എന്നിവ നടന്നു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.വി റോഷ് വിഷയാവതരണം നടത്തി.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ അനിത ബോധവൽക്കരണ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, ഡെപ്യൂട്ടി ഡിഎംഒ ആൻഡ് ജില്ലാ നോഡൽ ഓഫീസർ ഡോ.കെ.പി. അഹമ്മദ് അഫ്സൽ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബോബി മാണി, കൊല്ലങ്കോട് ബ്ലോക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ് ഭാസ്കരൻ പങ്കെടുത്തു.